മലയാളിയായ മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തം എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ നടപടി മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
എന്നാൽ ശ്രീലക്ഷ്മിയെ വിടാതെ ‘പിന്തുടർന്നിരിക്കുകയാണ് RVG ഇപ്പോൾ. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കുചേരുന്ന വേഷമാണെങ്കിൽ മാത്രം അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ ശ്രീലക്ഷ്മിയുടെ കൂടുതൽ ചിത്രങ്ങളാണ് രാം ഗോപാൽ വർമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ നിറയുന്നത്. വഴിയിൽ വണ്ടി കാത്തു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം ആർജിവിയുടെ ചിത്രത്തോടു ചേർത്തുവച്ചൊരു ട്രോളും കഴിഞ്ഞ ദിവസം സംവിധായകൻ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. സാരിയിൽ ഒരു പെൺകുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ആർജിവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആർജിവി അഭിനന്ദിക്കാൻ മറന്നില്ല.
സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത് എന്നാണ് പുറത്തു വന്ന വാർത്തകൾ. ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ വിവിധഭാഗങ്ങളിൽനിന്നും വിമർശനവും അതിനിടെ ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരമില്ലാത്ത ചിത്രങ്ങളെടുത്താണ് ഈ സംവിധായകൻ വാർത്തകളിൽ ഇടം നേടിയത്. എന്നാൽ അത്തരം വിമർശനങ്ങൾക്കുള്ള മറുപടി എന്ന തരത്തിലാണ് പുതിയ ചിത്രമായ ‘വ്യൂഹ’വുമായി ആര്‍ജിവി എത്തുന്നത്. മലയാളികളായ അജ്മൽ അമീറും മാനസ രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ തെലുങ്ക് ചിത്രം വൈ എസ് ആർ കോൺഗ്രസിനിന്റെ രാഷ്ട്രീയം ചർച്ച ചെയുന്നു എന്നതിനാൽ ഇതിനോടകം വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു.












