ന്യൂഡൽഹി: പുതിയ യാത്രാ വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് എയർ ഇന്ത്യ. അണിയറയിൽ ഒരുങ്ങുന്ന എയർ ഇന്ത്യ എയർ ബസ് എ 350 ന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് എ350 ആക്കി മാറ്റിയിരിക്കുന്നത്. നിലവിൽ രണ്ട് വിമാനങ്ങളുടെ നിർമ്മാണങ്ങളാണ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഇതിന്റെ സർവ്വീസ് ആരംഭിച്ച് കഴിഞ്ഞാൽ കൂടുതൽ വിമാനങ്ങൾ എ 350 ആക്കും. മാർച്ചോട് കൂടി അഞ്ചോ ആറോ വിമാനങ്ങൾ ഇത്തരത്തിൽ സ്വന്തമാക്കുമെന്നും കമ്പനി അറിയിച്ചു.
എ350 വിമാനങ്ങൾ ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവ്വീസുകൾ ആകും ആരംഭിക്കുക. ശേഷമേ അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുകയുള്ളൂ. പുതിയ വിമാനങ്ങളിലെ സേവനങ്ങൾക്കായി ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ട്. അതിനാലാണ് ആദ്യം ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കുന്നത്. പുതിയ വിമാനങ്ങൾ ആരംഭിക്കുമ്പോൾ എല്ലാ കമ്പനികളും ആഭ്യന്തര സർവ്വീസുകൾ ആയിരിക്കും ആദ്യം ആരംഭിക്കുക എന്നും സിംഗപ്പൂർ എയർലൈൻസിനെ ഉദാഹരിച്ചുകൊണ്ട് എയർ ഇന്ത്യ അറിയിച്ചു.
അതേസമയം വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതോടെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിൽ നിന്നും വിമാനം സ്വന്തമാക്കുന്ന ആദ്യ സ്വദേശി കമ്പനിയായി എയർ ഇന്ത്യ മാറി.











