അയോധ്യ: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. രണ്ട് ലോഡ് ശിലകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ കാര്‍മികത്വത്തില്‍ ശിലാപൂജയും നടത്തി.
ക്ഷേത്രനിര്‍മാണത്തിനുള്ള സമയമിതാണെന്ന സൂചന മോദി സര്‍ക്കാറില്‍നിന്ന് ലഭിച്ചെന്ന് മഹന്ത് നൃത്യാഗോപാല്‍ ദാസ് അവകാശപ്പെട്ടു. അതേ സമയം സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. ക്ഷേത്ര നിര്‍മ്മാണം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കെ, കല്ലുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാെണ്ഡ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്താണ് ഇപ്പോള്‍ കല്ലിറക്കിയിട്ടുള്ളതെന്നും സമാധാനമോ മതസൗഹാര്‍ദമോ തകര്‍ക്കുംവിധമുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ പോലീസ് ഇടപെടുമെന്നും ഫൈസാബാദ് സീനിയര്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഭരിക്കുമെന്ന് ആറ് മാസം മുമ്പ് വി.എച്ച്.പി. പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ കല്ലെത്തുമെന്നാണ് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞത്. 2.25 ലക്ഷം ക്യുബിക് അടി കല്ലാണ് ക്ഷേത്രനിര്‍മാണത്തിന് ആവശ്യം. ഇതില്‍ 1.25 ലക്ഷം ക്യൂബിക് അടി ഇപ്പോള്‍ത്തന്നെ സംഭരിച്ചിട്ടുണ്ട്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് രാമക്ഷേത്രനിര്മാണത്തിനും പള്ളി നിര്‍മാണത്തിനും അനുവദിക്കണമെന്ന് 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചെങ്കിലും അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരിക്കുകയാണ്.
Discussion about this post