കാഠ്മണ്ഡു : ഇസ്രായേലിൽ ഭീകര സംഘടനയായ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്. വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചതായി നേപ്പാൾ എംബസി ഉദ്യോഗസ്ഥൻ അറിയിച്ചു. നിരവധി വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നും അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നും നേപ്പാൾ വ്യക്തമാക്കി.
നിലവിൽ ഏകദേശം 4,500 നേപ്പാളി പൗരന്മാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, 265 നേപ്പാളി വിദ്യാർത്ഥികൾ ഇസ്രായേൽ ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന ഇസ്രായേലിന്റെ പഠന-സമ്പാദന പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ഹമാസിന്റെ ഭീകരാക്രമണത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട തെക്കൻ ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന കിബ്ബട്ട്സ് അലൂമിമിൽ 17 നേപ്പാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരുന്നുവെന്നും നേപ്പാൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലിലെ തങ്ങളുടെ പൗരന്മാരെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ അധ്യക്ഷതയിൽ യോഗം ചേർന്നതായി എന്നെ നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി സൗദ് അറിയിച്ചു. ഇസ്രായേലിലെ നേപ്പാളികൾക്ക് ആവശ്യമായ പിന്തുണയും ഏകോപനവും സൗകര്യവും നൽകുന്നതിന് നേപ്പാൾ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.








