ടെൽ അവീവ് : വരാനിരിക്കുന്നത് കഠിനമായ ദിവസങ്ങൾ ആണെന്നും ഇസ്രായേലിന്റെ മുഴുവൻ ശക്തിയുമെടുത്ത് ഹമാസിനെതിരെ പോരാടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൽ ഹമാസ് സൃഷ്ടിച്ച കറുത്ത ദിനത്തിന് അവർ വലിയ വിലയായിരിക്കും നൽകേണ്ടി വരാൻ പോകുന്നത് എന്നും നെതന്യാഹു വ്യക്തമാക്കി. “ഈ യുദ്ധത്തിന് സമയമെടുക്കും, അത് ബുദ്ധിമുട്ടായിരിക്കും, നമുക്ക് മുന്നിലുള്ളത് ദുഷ്‌കരമായ ദിവസങ്ങളായിരിക്കും, എന്നാൽ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുക തന്നെ ചെയ്യും” എന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ സാധാരണ ജനങ്ങളോട് എത്രയും പെട്ടെന്ന് തന്നെ ഒഴിഞ്ഞു പോകാനും നെതന്യാഹു ആവശ്യപ്പെട്ടു. “ഇസ്രായേലിന്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ ഹമാസിന് കഴിയില്ല. അവർ ഒളിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും നമ്മൾ അവശിഷ്ടങ്ങളുടെ നഗരമായി മാറ്റും. ഗാസ നഗരത്തിലെ നിവാസികൾ ഇപ്പോൾ തന്നെ ഒഴിഞ്ഞു പോകൂ. കാരണം ഞങ്ങൾ എല്ലായിടത്തും ശക്തമായി പ്രവർത്തിക്കാൻ ആരംഭിക്കുകയാണ്. വീടുകൾ തോറും, നഗരങ്ങൾ തോറും ഞങ്ങൾ നിയന്ത്രണത്തിലാക്കി മാറ്റും. ഓരോ ഹമാസ് ഭീകരനെയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനായി ഇസ്രായേൽ പ്രതിരോധ സേന പ്രവർത്തിക്കുകയാണ് ” എന്നും നെതന്യാഹു വ്യക്തമാക്കി.
“കുട്ടികളെയും അമ്മമാരെയും അവരുടെ വീടുകളിൽ, കിടക്കയിൽ വെച്ച് കൊലപ്പെടുത്തുന്ന ശത്രുവാണ് ഇത്. പ്രായമായവരെയും കുട്ടികളെയും യുവാക്കളെയും തട്ടിക്കൊണ്ടുപോകുന്ന ശത്രു. അവധിക്കാലം ആസ്വദിക്കാൻ ആഗ്രഹിച്ച നമ്മുടെ പൗരന്മാരെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്ന കൊലപാതകികൾ. ഇതിന് സമാനമായ ക്രൂരത മുൻപ് ഇസ്രായേലിൽ ഉണ്ടായിട്ടില്ല, എന്നാൽ ഇനി ഇത്തരം ഒന്ന് സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. ശക്തമായി തിരിച്ചടിക്കാനുള്ള ഇസ്രായേലിന്‍റെ തീരുമാനത്തിന് മുഴുവൻ കാബിനറ്റ് അംഗങ്ങളും പിന്തുണ നൽകുന്നു.” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ബെഞ്ചമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി. ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടു പോയവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഭീകരമായ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകി. ഇസ്രായേലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ മെഡിക്കൽ, റെസ്ക്യൂ ടീമുകൾക്കും സന്നദ്ധ പ്രവർത്തകർക്കും അദ്ദേഹം ഇസ്രായേലി ജനതയുടെ പേരിൽ നന്ദി അറിയിച്ചു.
ഈ യുദ്ധത്തിൽ ഇസ്രായേലിന് ‘പ്രവർത്തന സ്വാതന്ത്ര്യം’ ഉറപ്പാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് ലോക നേതാക്കളുമായും താൻ സംസാരിച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രായേലിനുള്ള നിക്ഷിപ്‌ത പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സെനെറ്റിൽ ബെഞ്ചമിൻ നെതന്യാഹു നടത്തിയ ഈ വികാര തീവ്രമായ പ്രസംഗം ഇസ്രായേലി ടെലിവിഷൻ ചാനലാണ് സംപ്രേഷണം ചെയ്തത്.
Discussion about this post