സിനിമയിൽനിന്നും മോഡലിങ്ങിൽനിന്നും മൂന്ന് വർഷത്തെ ഇടവേള എടുത്ത് യുവനടി സാനിയ ഇയ്യപ്പൻ.167 വർഷങ്ങളുടെ പാരമ്പര്യമുള്ള യു.കെയിലെ യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സിലെ വിദ്യാർത്ഥിയായിരിക്കുകയാണ് സാനിയ. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ യൂണിവേഴ്സിറ്റിയാണിത്.
സെപ്റ്റംബറിൽ കോഴ്സിന് ചേർന്ന താരം ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയമാണ് പഠിക്കുന്നത്. സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനിൽ നിന്നുള്ള തന്റെ ചിത്രങ്ങളും ഇതിനൊപ്പം താരം പങ്കുവച്ചു. 2026 ജൂൺ വരെയാണ് കോഴ്സ്.
ഒഴിവുസമയത്ത് സിനിമയിൽ തുടരുമോ എന്ന കാര്യം സാനിയ വ്യക്തമാക്കിയിട്ടില്ല. ചാനൽ റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരം ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ഈ ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.












