ന്യൂഡൽഹി : വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെയാണ് ഗർഭിണി ആയതെങ്കിൽ വിവാഹിതരായ സ്ത്രീകൾക്കും ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സുപ്രീം കോടതിയുടെ അനുമതി. അമ്മയാകാനായി മാനസികമായി തയ്യാറെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ടോ ഗര്‍ഭച്ഛിദ്രം ആവശ്യമെങ്കിൽ ആകാമെന്നാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.
സുപ്രീംകോടതിയിൽ ഹർജി നൽകിയ വിവാഹിതയായ സ്ത്രീയുടെ 26 ആഴ്‌ച പ്രായമുള്ള ഗർഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയായിരുന്നു ഹർജിക്കാരി. താൻ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നും വൈകാരികമായും സാമ്പത്തികമായും മാനസികമായും മൂന്നാമത്തെ കുഞ്ഞിനെ വളർത്താൻ തനിക്ക് കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്ന യുവതിയാണ് മൂന്നാമതും ഗർഭിണിയായ സാഹചര്യത്തിൽ ഗര്‍ഭച്ഛിദ്രം നടത്താനായി സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാമത്തെ കുഞ്ഞിന് മുലയൂട്ടുന്നതിനാൽ ലാക്റ്റേഷണൽ അമെനോറിയ എന്ന ഗർഭനിരോധന മാർഗ്ഗമാണ് താൻ ഉപയോഗിച്ചതെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ ഈ ഗർഭനിരോധന മാർഗ്ഗം പരാജയപ്പെടുകയും വീണ്ടും ഗർഭിണി ആവുകയും ആയിരുന്നു. താൻ ഗർഭിണിയാണെന്ന് വളരെ വൈകിയാണ് ഈ യുവതി തിരിച്ചറിഞ്ഞത്. മുലയൂട്ടുന്ന അമ്മമാർ ഗർഭം ധരിക്കുന്നത് അപൂർവമാണെന്നും ഇത് അപൂർവമായ കേസാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് ബിവി നാഗരത്‌നയും അടങ്ങിയ ബെഞ്ചാണ് ഈ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നൽകിയത്.
Discussion about this post