ന്യൂഡൽഹി : 2016 ൽ പത്താൻകോട്ടിലെ വ്യോമസേന ബേസ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ ഭീകരൻ ഷാഹീദ് ലത്തീഫ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ച വാർത്തയാണ് പുറത്തുവന്നത്. പാകിസ്താനിലെ സിയാൽകോട്ടിലുള്ള മസ്ജിദിൽ വെച്ച് ഇന്നലെ രാത്രിയോടെയാണ് ലത്തീഫിന് വെടിയേറ്റത്. ദേശീയ അന്വേഷണ ഏജൻസിയുടെ വാണ്ടഡ് ലിസ്റ്റിലുണ്ടായികുന്ന രാജ്യത്തിന്റെ ഒരു ശത്രു കൂടി വിദേശമണ്ണിൽ മരിച്ചുവീണിരിക്കുകയാണ്.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരുടെയെല്ലാം വിധി ഇത് തന്നെയാണ്. അടുത്തിടെയായി വർദ്ധിച്ചുവരുന്ന ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യൻ രഹസ്വാന്വേഷണ ഏജൻസികളാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
2023 ജനുവരിയിലെ ധാൻഗ്രി ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു അബു ഖാസിം എന്ന റിയാസ് അഹമ്മദ്. ലഷ്‌കർ ഇ ത്വായ്ബയുടെ കമാൻഡറായിരുന്നു റിയാസ് അഹമ്മദ്. സെപ്തംബറിൽ പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദുസ് മസ്ജിദിൽ വച്ചാണ് റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. ജനുവരി ഒന്നിന് രജൗരിയിലെ ധാൻഗ്രി ഗ്രാമത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതർ ഭീകരനെ കൊലപ്പെടുത്തിയത്.
2020ൽ രാജ്യം തീവ്രവാദിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിലെ സറേയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അജ്ഞാത അക്രമികൾ വെടിവെച്ചുകൊന്നു. നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലേക്ക് (കെടിഎഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും നിജ്ജാർ സജീവമായി പങ്കെടുത്തിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. വിഘടനവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭാഗമായിരുന്നു നിജ്ജാർ.
ജമ്മു കശ്മീരിൽ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും നുഴഞ്ഞുകയറുന്നതിനും നേതൃത്വം നൽകിയ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡറായിരുന്നു ബഷീർ അഹമ്മദ് പീർ. ഈ വർഷം ആദ്യം റാവൽപിണ്ടിയിലെ ഒരു കടയിൽവെച്ച് അജ്ഞാതരായ തോക്കുധാരികൾ ബഷീറിനെ വെടിവെച്ച് കൊലപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ കറാച്ചിയിൽ വെച്ചാണ് പാക് ഭീകര സംഘടനയായ അൽ-ബാദറിന്റെ കമാൻഡർ സയ്യിദ് ഖാലിദ് റാസയെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നത്.
ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം റാഞ്ചിയ ഭീകരരിൽ ഒരാളാണ് മിസ്ത്രി സഹൂർ ഇബ്രാഹിം. 1999 ഡിസംബർ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയ ഐസി 814 ഹൈജാക്കർമാരിൽ മിസ്ത്രി സഹൂർ ഇബ്രാഹിമും ഉൾപ്പെട്ടിരുന്നു. പാകിസ്താനിലെ കറാച്ചിയിൽ വെച്ചാണ് ബൈക്കിലെത്തിയ അക്രമികൾ ഇയാളെ വെടിവെച്ച് കൊന്നത്.
ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തലവനായ പരംജിത് സിംഗ് പഞ്ച്വാർ കഴിഞ്ഞ മെയ് മാസത്തിലാണ് പാകിസ്താനിലെ ലാഹോറിൽ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സിഖ് കലാപത്തിന് വഴിയൊരുക്കുന്നതിൽ പരംജിത് സിംഗ് പഞ്ച്വാർ പങ്കാളിയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളിലും ഇയാൾ പ്രതിയായിരുന്നു.
Discussion about this post