പട്‌ന: ബിഹാറിൽ ബക്‌സറിന് സമീപം ട്രെയിൻ പാളം തെറ്റി അപകടം. സംഭവത്തിൽ 4 പേർ മരിക്കുകയും 80 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നോർത്ത് ഈസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ബക്സറിലെ രഘുനാഥ്പുർ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. മൂന്ന് കോച്ചുകൾ പാളംതെറ്റിയെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനസിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ പട്‌നയിലെ എയിംസിലേക്ക് കൊണ്ടുപോകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ദുരന്തനിവാരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ബക്‌സർ, ഭോജ്പൂർ ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.
രഘുനാഥ്പൂരിൽ ട്രെയിൻ പാളം തെറ്റിയത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഓഫീസും അറിയിച്ചു.
Discussion about this post