ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ഗുണ്ടകളായ സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്.തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇവർക്കുവേണ്ടി പോലീസ് കുറെ കാലമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് പോലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്രസിദ്ധ ഗുണ്ടയായ ബോംബ് ശരവണന്റെ സംഘത്തിൽ പെട്ടവരാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.
നിരവധി കേസുകളിൽ പ്രതികളായ ഇവർക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തി വരികയായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവള്ളൂരിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.വീടുവളഞ്ഞ പോലീസ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനു തയ്യാറാകാതെ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിനെ തുടർന്ന് പോലീസ് തിരികെ ഗുണ്ടകളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
അണ്ണാഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിലെ പ്രതിയായിരുന്നു സതീഷ്. കൊലപാതകത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.മുത്തുശ്ശരവണൻ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഡി എം കെ നേതാവായ സെൽവത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post