മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്. സീറോ കോസ്റ്റ് ഇക്വിറ്റി നിക്ഷേപത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ഫിൻടെക് കമ്പനിയായ സെറോദയുടെ സഹ സ്ഥാപകനാണ് 37 കാരനായ നിഖിൽ കാമത്ത്. ഫോർബ്സിന്റെ ഇന്ത്യയിലെ (Forbes India) ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ 40-ാം സ്ഥാനത്താണ് നിഖിൽ കാമത്തും സഹോദരനായ നിതിൻ കാമത്തും. 5.5 ബില്യൺ ഡോളറാണ് (550 കോടി ഡോളർ)ഇരുവരുടെയും ആസ്തി.
സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് നിഖിൽ കാമത്ത്. ബിസിനസ് ആയിരുന്നു എന്നും മനസിൽ. 14-ാം വയസ്സിൽ പഴയ ഫോണുകൾ വിൽക്കാൻ തുടങ്ങി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സ്‌കൂൾ വിട്ടു. 17-ാം വയസ്സിൽ 8000 രൂപയ്ക്ക് ഒരു കോൾ സെന്ററിൽ ജോലി തേടിയ നിഖിലിന്റെ ഇപ്പോഴത്തെ ആസ്തി 9000 കോടി രൂപയാണ്.
കാലാവസ്ഥാ വ്യതിയാനം, ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവഴിക്കുന്നുണ്ട് ഈ അവിവാഹിതൻ. ബിൽ ഗേറ്റ്‌സ്, മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്, വാറൻ ബഫെറ്റ് തുടങ്ങിയ ലോകപ്രശസ്തരായ കോടീശ്വരന്മാരെല്ലാം കൈകോർക്കുന്ന പദ്ധതിയുടെ ഭാഗമാണ് നിഖിൽ. ഇന്ത്യയിൽ നിന്ന് അസിം പ്രേംജി, കിരൺ മജുംദാർ ഷാ, രോഹിണി, നന്ദൻ നിലേകനി തുടങ്ങിയവരും ഈ പദ്ധതിയുടെ ഭാഗമാണ്.











Discussion about this post