മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രശസ്തമായ നർമ്മബോധത്തെയും നയതന്ത്ര മികവിനെയും ഓർമ്മിപ്പിക്കുന്ന ഒരു അപൂർവ്വ സംഭവം പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ സന്ദർശന വേളയിൽ ഒരു യുവതിയുടെ വിവാഹാഭ്യർത്ഥനയ്ക്ക് വാജ്‌പേയി നൽകിയ രസകരമായ മറുപടിയാണ് രാജ്‌നാഥ് സിംഗ് ഓർത്തത്.
അടൽ ബിഹാരി വാജ്‌പേയിയുടെ ഒരു രാഷ്ട്രതന്ത്രജ്ഞനെന്നതിലുപരി, അദ്ദേഹത്തിന്റെ നർമ്മബോധം പ്രശസ്തമായിരുന്നു. അദ്ദേഹത്തിൻ്റെ സവിശേഷമായ നർമ്മബോധം എടുത്തുകാണിക്കുന്ന സംഭവമാണിത്.
1999 ഫെബ്രുവരിയിൽ വാജ്‌പേയി നടത്തിയ ലാഹോർ ബസ് യാത്ര അദ്ദേഹത്തിന്റെ ഭരണകാലത്തെ നിർണായക നിമിഷങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ, ആണവ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ഇടയഇ ഉടലെടുത്ത സംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ലാഹോർ പ്രഖ്യാപനം ഒപ്പുവച്ചു.
സംഭവം ഇങ്ങനെ:1999 ഫെബ്രുവരിയിൽ ചരിത്രപ്രധാനമായ ലാഹോർ ബസ് യാത്രയുടെ ഭാഗമായി വാജ്‌പേയി പാകിസ്താനിലെത്തിയ സമയത്തായിരുന്നു ഈ സംഭവം. ലാഹോറിലെ ഒരു ചടങ്ങിൽ പ്രസംഗിച്ച വാജ്‌പേയിയുടെ വാക്കുകളിൽ ആകൃഷ്ടയായ ഒരു പാക് യുവതി അപ്രതീക്ഷിതമായ ഒരു ചോദ്യം അദ്ദേഹത്തിന് മുന്നിൽ വെച്ചു.
“അങ്ങ് എന്നെ വിവാഹം കഴിക്കുമോ? പകരം എനിക്ക് ‘മഹറായി’ (വിവാഹ സമ്മാനം) കശ്മീർ നൽകണം.” ഇതായിരുന്നു ആ യുവതിയുടെ ആവശ്യം.
സദസ്സ് നിശബ്ദമായി. എല്ലാവരും ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് നോക്കി. ഒരു നയതന്ത്ര പിഴവ് ഉണ്ടാകാൻ സാധ്യതയുള്ള നിമിഷം. പക്ഷേ, വാജ്‌പേയി എന്ന രാഷ്ട്രതന്ത്രജ്ഞൻ അല്പം പോലും കുലുങ്ങിയില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “തീർച്ചയായും ഞാൻ വിവാഹം കഴിക്കാം. പക്ഷേ ഒരു മറുചോദ്യമുണ്ട്. എനിക്ക് സ്ത്രീധനമായി പാകിസ്താൻ മുഴുവൻ തരാൻ നിങ്ങൾക്ക് കഴിയുമോ?”
വാജ്‌പേയിയുടെ ഈ പെട്ടെന്നുള്ള മറുപടി കേട്ട് സദസ്സ് ഒന്നടങ്കം അമ്പരക്കുകയും പിന്നീട് ചിരിയിൽ മുഴങ്ങുകയും ചെയ്തു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ അചഞ്ചലമായ നിലപാട് വ്യക്തമാക്കുന്നതോടൊപ്പം തന്നെ, നയതന്ത്ര വിഷയങ്ങളിൽ നർമ്മം കലർത്തി മറുപടി നൽകാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഒരൊറ്റ വാചകം കൊണ്ട് അദ്ദേഹം ആ പാക് യുവതിയുടെ ചോദ്യത്തെ നിഷ്പ്രഭമാക്കി. കശ്മീർ ഇന്ത്യയുടെ ഹൃദയമാണെന്നും അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും നർമ്മത്തിൽ ചാലിച്ച് അദ്ദേഹം ആ ലോകത്തോട് മുഴുവൻ പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്.
ആണവ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെ വഷളായ സമയത്തായിരുന്നു വാജ്‌പേയിയുടെ ലാഹോർ യാത്ര. ലാഹോർ പ്രഖ്യാപനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ അദ്ദേഹം ശ്രമിച്ചു. ഒരു കടുത്ത രാഷ്ട്രതന്ത്രജ്ഞനായിരിക്കുമ്പോൾ തന്നെ, എതിരാളികളുടെ പോലും ആദരവ് നേടിയെടുക്കാൻ അദ്ദേഹത്തിന്റെ നർമ്മബോധം സഹായിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.











Discussion about this post