തിരുവനന്തപുരം ; വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യ കപ്പലിന് ഗംഭീര സ്വീകരണമൊരുക്കി നാട്. ചൈനീസ് കപ്പലായ ഷെൻഹുവ 15 നെ ഫ്‌ളാഗ് ഇൻ ചെയ്താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് അകമ്പടിയോടെ വിഴിഞ്ഞം വാർഫിലേക്ക് കപ്പൽ അടുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളാണ് മുഖ്യാതിഥി. ഇന്ന് ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത വർഷം മെയിലാണ് തുറമുഖം കമ്മീഷൻ ചെയ്യുന്നത്. ആകെ 7700 കോടി രൂപയാണ് നിർമ്മാണ ചെലവ്. രാജ്യാന്തര കപ്പൽ ചാലിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖം. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ തുറമുഖത്ത് എത്തും.
കൂറ്റൻ മദർ ഷിപ്പുകൾക്ക് ഉൾപ്പെടെ ഇവിടെ നങ്കൂരമിടാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. മദർ ഷിപ്പുകളിൽനിന്നു രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള സംവിധാനവും വിഴിഞ്ഞത്ത് ഉണ്ട്. 22 യാർഡ് ക്രെയിനുകളും 7 ഷിഫ്റ്റ് ഷോക്ക് ക്രെയിനുകളും വിഴിഞ്ഞത്ത് സ്ഥാപിക്കാനാണ് തീരുമാനം. ആദ്യ ഘട്ടമായി ഷെൻഹുവ 15 ൽ ഒരു ഷിഫ്റ്റ് ഷോക്ക് ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് എത്തിച്ചിട്ടുള്ളത്. ചൈനയിൽ നിന്നുള്ള അടുത്ത കപ്പലുകളിൽ കൂടുതൽ ക്രെയിനുകളെത്തിക്കും.













Discussion about this post