ന്യൂഡൽഹി: രാജ്യത്ത് സ്വവർഗവിവാഹത്തിന് നിയമ സാധുത നൽകണമെന്ന ഹർജികളിൽ വ്യത്യസ്ത വിധികളുമായി ജഡ്ജിമാർ. നാല് ജഡ്ജികളാണ് വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹർജിക്കാരെ പിന്തുണച്ചു.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഡിവൈ ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്. ഇതിൽ ഹിമ കോഹ്ലി ഒഴികെ ബാക്കിയുള്ളവർ വ്യത്യസ്ത വിധികൾ പുറപ്പെടുവിക്കുകയായിരുന്നു.
പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ എതിർത്തുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഹർജിക്കാരെ അനുകൂലിച്ചത്. സെക്ഷൻ നാല് പ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് സാധുതയുള്ളത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഈ നിയമം കോടതിയ്ക്ക് ഇടപെട്ട് റദ്ദാക്കാൻ കഴിയില്ല. അക്കാര്യം തീരുമാനിക്കേണ്ടത് പാർലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നഗരങ്ങളിലെ വരേണ്യ വർഗ്ഗത്തിൽപ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണ് സ്വവർഗ വിവാഹം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ അങ്ങനെ പറയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സ്‌പെഷ്യൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, തുടങ്ങിയവയുടെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധികൾ പുറപ്പെടുവിച്ചത്.
Discussion about this post