ന്യൂഡല്‍ഹി : ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പുതിയ ലോകക്രമത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ലോകം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍ അമരുമ്പോഴും ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനത്ത് വളരെ വേഗം എത്തും. മാറി വരുന്ന ലോക ക്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കാന്‍ കാത്തിരിക്കുകയാണ് ലോകം മുഴുവനും, അത്രയേറെ പ്രതീക്ഷകളോടെയാണ് അവര്‍ നമ്മെ ഉറ്റു നോക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നാവിക ശേഷിയുടെ പ്രാധാന്യം എടുത്ത് പറഞ്ഞ നരേന്ദ്ര മോദി സമുദ്ര മേഖലയില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങളും വിവരിച്ചു.
“ഇന്ത്യയുടെ നാവിക ശേഷി ശക്തമായിരുന്നപ്പോഴെല്ലാം രാജ്യത്തിനും ലോകത്തിനും അതില്‍ നിന്ന് വലിയ നേട്ടമുണ്ടായി എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇത് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമായി എടുത്ത്, ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 9 വര്‍ഷമായി കൃത്യമായ ആസൂത്രണം നടത്തിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രാബല്യത്തില്‍ വരുന്നതോടെ നാവിക വ്യവസായത്തിന് വന്‍ കുതിപ്പാണ് ഉണ്ടാവുക”, മോദി വ്യക്തമാക്കി.
സെപ്തംബറില്‍ നടന്ന ജി 20 ഉച്ചകോടിയില്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നതില്‍ ചരിത്രപരമായ ഒരു സമവായത്തിലെത്താന്‍ നമുക്ക് കഴിഞ്ഞു. 21-ാം നൂറ്റാണ്ടില്‍ ലോകമെമ്പാടുമുള്ള സമുദ്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യയുടെ ഈ ചുവടുവയ്പ്പിലൂടെ സാധ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിദിന ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ 18,800 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയുടെ കീഴില്‍ 4,500 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ട്യൂണ ടെക്ര ഡീപ് ഡ്രാഫ്റ്റ് ടെര്‍മിനലിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് ടെര്‍മിനല്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് വികസിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ മാരിടൈം ബ്ലൂ ഇക്കണോമിക്ക് വേണ്ടിയുള്ള ‘അമൃത് കാല്‍ വിഷന്‍ 2047’ പദ്ധതിയും അദ്ദേഹം അനാവരണം ചെയ്തു.
രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ നാവിക പരിപാടിയാണ് ഈ ഉച്ചകോടി. ആദ്യത്തെ മാരിടൈം ഇന്ത്യ ഉച്ചകോടി 2016-ല്‍ മുംബൈയിലും രണ്ടാമത്തേത് 2021-ലുമാണ് നടന്നത്. മൂന്നാമത്തെ ഉച്ചകോടി ഒക്ടോബര്‍ 17 മുതല്‍ 19 വരെ മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലാണ് നടക്കുന്നത്.
മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ ഭാവിയിലെ തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദ്രമേഖലയുടെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും; കാര്‍ബണൈസേഷന്‍, തീരദേശ ഷിപ്പിംഗും ഉള്‍നാടന്‍ ജലഗതാഗതവും, കപ്പല്‍ നിര്‍മ്മാണം, നന്നാക്കലും പുനരുപയോഗവും, ധനകാര്യം, ഇന്‍ഷുറന്‍സ്, ആര്‍ബിട്രേഷന്‍, കടല്‍ ക്ലസ്റ്ററുകള്‍; നവീകരണവും സാങ്കേതികവിദ്യയും; സമുദ്ര സുരക്ഷയും, സമുദ്ര വിനോദ സഞ്ചാരവും തുടങ്ങി നരവധി വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. രാജ്യത്തിന്റെ സമുദ്രമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉച്ചകോടി വേദിയൊരുക്കും.
Discussion about this post