പാലക്കാട്: കഠിനമായ വയറുവേദനയെ തുടർന്നാണ് സെപ്റ്റംബർ നാലിന് പാലക്കാട് മൂത്താന്തറ കണ്ണകിനഗറിലെ രാജേഷിന്റെ മകൾ 12 കാരി ശ്രീലക്ഷ്മിയെ എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. അസഹനീയമായ വയറുവേദനയെ തുടർന്ന് വിദഗ്ധ പരിശോധനകൾക്കായിട്ടാണ് എറണാകുളത്തേക്ക് കുട്ടിയെ എത്തിച്ചത്.
ആശുപത്രിയിൽ നടന്ന പരിശോധനകളിൽ രക്താർബുദത്തിന്റെ അപകടകരമായ വകഭേദമായ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (എഎംഎൽ) ആണ് കുട്ടിക്കെന്ന് സ്ഥിരീകരിച്ചു. രക്തത്തിലും മജ്ജയിലും ബാധിക്കുന്ന രക്താർബുദ വകഭേദമാണിത്.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ തുടർ ചികിത്സയ്ക്ക് കുടുംബം തീരുമാനിച്ചെങ്കിലും അതിനുളള സാമ്പത്തിക ചിലവ് വലുതായിരുന്നു. 50 മുതൽ 60 ലക്ഷം രൂപ വരെയാണ് തുടർ ചികിത്സയ്ക്കും മറ്റും വേണ്ടി വരിക. തുടക്കത്തിൽ കീമോതെറാപ്പി ചെയ്തു നിലവിലെ ക്യാൻസർ സെല്ലുകളെ നശിപ്പിച്ച ശേഷം ബോൺമാരോ ട്രാൻസ്പ്ലാന്റ് ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചികിത്സാ ചിലവ് ശ്രീലക്ഷ്മിയുടെ കുടുംബത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒന്നരവർഷത്തോളം തുടർ ചികിത്സ ആവശ്യമായിട്ടുള്ള അസുഖമാണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ. ഒന്നരമാസം ആശുപത്രിയിലും ആറുമാസം ആശുപത്രിയുടെ തൊട്ടടുത്ത് അവരുടെ നിരീക്ഷണത്തിലും തുടരണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവന്റെ സഹോദരിയുടെ മകളാണ് ശ്രീലക്ഷ്മി. ചികിത്സയ്ക്കായി വേണ്ടി വരുന്ന ചിലവോർത്ത് കുടുംബം പരിഭ്രമിച്ച് നിൽക്കവേ സമൂഹമാദ്ധ്യമക്കൂട്ടായ്മകൾ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ശ്രീലക്ഷ്മിക്ക് ചികിത്സാ സഹായം അഭ്യർത്ഥിച്ചുളള പോസ്റ്റുകൾ പ്രമുഖരുടെ അടക്കം പല സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും കാണാം. 12 വയസുള്ള കുട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയിലൂടെയാണ് ശ്രീലക്ഷ്മി കടന്നു പോകുന്നതെന്നും എല്ലാവരും ആകുന്ന വിധത്തിൽ സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് പോസ്റ്റുകൾ. ദിവസങ്ങൾ പിന്നിട്ടെങ്കിലും ചികിത്സയ്ക്ക് വേണ്ടതിന്റെ പകുതിയിൽ കൂടുതൽ തുകയും ഇനിയും കണ്ടെത്തണം. അതുകൊണ്ടു തന്നെ കൂടുതൽ സുമനസുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് കുടുംബം.
ശ്രീലക്ഷ്മിയുടെ പിതാവ് രാജേഷിന്റെ പേരിൽ മേലാമുറിയിലെ കാനറ ബാങ്കിലുളള അക്കൗണ്ടിലേക്ക് പണം അയയ്ക്കാം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സഹായം കൈമാറുകയും ചെയ്യാം. സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ട് നമ്പറും ക്യൂ ആർ കോഡും വിശദമാക്കുന്ന കാർഡ് പങ്കുവെച്ചാണ് എല്ലാവരും
സഹായം അഭ്യർത്ഥിക്കുന്നത്.












