ന്യൂഡൽഹി: 69 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മലയാള ചിത്രം മേപ്പടിയാന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ.മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാനിലൂടെ സംവിധായകൻ വിഷ്ണു മോഹൻ നേടിയപ്പോൾ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്.അച്ഛൻ പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ച് വികാരനിർഭരമായൊരു കുറിപ്പും ഉണ്ണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
മേപ്പടിയാൻ, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇതായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ , അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു.ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ഛനും അമ്മയ്ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ! ഇനിയും പലതും വരാനുണ്ട്. ഇതൊരു തുടക്കം മാത്രം.”ഉണ്ണി മുകുന്ദൻ കുറിച്ചു.
ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന പുരസ്‌കാര വിതരണത്തിൽ, ഫീച്ചർ , നോൺ ഫീച്ചർ കാറ്റഗറിയിൽ എട്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.












