കോഴിക്കോട്: വടകരയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം. വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയും ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമാണ് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ചുവരിലാണ് ബോംബ് പതിച്ചത്. പിന്നാലെ ജനൽ ചില്ലുകളും അടിച്ച് തകർക്കുകയായിരുന്നു.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആരുമില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നായിരുന്നു റസാഖ് പീഡിപ്പിച്ചത്. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ കുട്ടിയ്ക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. എന്നാൽ കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.











