ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിനായി വിദേശത്ത് നിന്നും ഫണ്ട് സമാഹരിക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അനുമതി നൽകിയത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് 2010 പ്രകാരമാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാമക്ഷേത്ര നിർമ്മാണത്തിൽ സംഭാവന നൽകി പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ഹിന്ദുക്കളും സംഘടനകളുമാണ് രംഗത്ത് വരുന്നത്. ഇതേ തുടർന്നാണ് ഇവരിൽ നിന്നും ഫണ്ട് കൈപ്പറ്റാൻ അനുമതി ആവശ്യപ്പെട്ട് ട്രസ്റ്റ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. പണം നൽകാൻ താത്പര്യപ്പെടുന്നവരിൽ നിന്നും സംഭാവന സ്വീകരിക്കാൻ അനുമതി നൽകുന്നതാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്.
അനുമതി ലഭിച്ച സാഹചര്യത്തിൽ വിദേശത്ത് നിന്നുമുള്ള പണം ക്ഷേത്ര ട്രസ്റ്റിന് സ്വീകരിക്കാം. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിക്കേണ്ടത്. ഇതിനായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ട്രസ്റ്റ് കടന്നു. ഈ വർഷം ജൂണിലായിരുന്നു ട്രസ്റ്റ് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
അടുത്ത വർഷം ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കി രാമക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകാനാണ് അധികൃതരുടെ തീരുമാനം. വിദേശ ഫണ്ട് ലഭിക്കുന്നതോട് കൂടി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക.
Discussion about this post