ജറുസലേം: ഹമാസിന് വീണ്ടും കനത്ത തിരിച്ചടി നൽകി ഇസ്രായേൽ. ഹമാസിന്റെ മറ്റൊരു കമാൻഡറെ കൂടി വധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹമാസ് ഉന്നത നേതാക്കളെയാണ് ഇസ്രായേൽ വധിക്കുന്നത്.
നാവിക സേനാ വിഭാഗം തലവൻ മബ്ദുഹ് ഷാലബിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇസ്രായേൽ കരസേനയും, നാവിക സേനയും സംയുക്തമായി ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഇതിലാണ് മബ്ദുഹ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നാവിക സേനയ്‌ക്കെതിരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ മബ്ദുഹിനെ വധിച്ചത് ഹമാസിനെതിരായ പോരാട്ടത്തിൽ ഏറെ നിർണായകമായിരിക്കുകയാണ്.
അതേസമയം മബ്ദുഹിന് പുറമേ ഹമാസിന്റെ രണ്ട് നേതാക്കളെ കൂടി ഇസ്രായേൽ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസിന്റെ സഹസംഘടനയായ പോപ്പുലർ റെസിസ്റ്റൻസ് കമ്മിറ്റി നേതാവ് റഫാത്ത് അബു ഹിലാൽ, ഹമാസ് സ്ഥാപകരിൽ ഒരാളായ അബ്ദെൽ ആസീസ് അൽ റാൻഡിസിയുടെ ഭാര്യ ജമീല അൽ ശാന്തി എന്നിവരെയാണ് വധിച്ചത്.
കഴിഞ്ഞ ദിവസം ഹമാസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാവിക സേനാ തലവനെ കൊലപ്പെടുത്തുന്നത്.
Discussion about this post