ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എൻജിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥി ജയ് ശ്രീറാം വിളിക്കുന്നതിന്റെയും ഇതിന് പിന്നാലെ അദ്ധ്യാപിക ഇറക്കിവിടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിനിടെ ആയിരുന്നു സംഭവം. വിദ്യാർത്ഥിയുടേയോ അദ്ധ്യാപികയുടേയോ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാട്ട് പാടാനായി ഒരു വിദ്യാർത്ഥി മൈക്കുമായി സ്റ്റേജിലേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയെ നോക്കി മറ്റ് വിദ്യാർത്ഥികൾ ജയ് ശ്രീറാം വിളിക്കുന്നു.
ഇത് കേട്ടതോടെ വിദ്യാർത്ഥി തിരിച്ചും ജയ് ശ്രീറാം പറഞ്ഞ് സദസ്സിനെ അഭിസംബോധന ചെയ്യുന്നു. എന്നാൽ ഇത് കണ്ട അദ്ധ്യാപിക ഇരിപ്പിടത്തിൽ നിന്നും രോഷാകുലയായി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വേദിയ്ക്കരികിൽ എത്തി ജയ് ശ്രീറാം വിളിച്ചതിന് വിദ്യാർത്ഥിയോട് കയർത്തു. തുടർന്ന് വേദിയിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട വിദ്യാർത്ഥി പാട്ട് പാടാതെ വേദി വിടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ധ്യാപികയെ പിരിച്ച് വിടണം എന്നാണ് ഉയരുന്ന ആവശ്യം.











