കൊല്ലം : കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിച്ച സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചത് രണ്ടു ദിവസത്തിന് ശേഷമെന്ന് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കൊട്ടിയം ജംഗ്‌ഷനിലാണ് സംഭവം നടന്നത്. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന 75 കാരിയാണ് ആക്രമിക്കപ്പെട്ടത്. വെള്ളമുണ്ടും ഷർട്ടും ധരിച്ച താടിയുള്ള ആൾ വയോധികയെ ആക്രമിക്കുകയും പിന്നീട് എടുത്തുകൊണ്ടു പോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ കടയിലുണ്ടായിരുന്ന സി സി ടി വി യിൽ നിന്നും ഇന്നലെ ലഭിച്ചു.

കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത വയോധികയെ മൂന്നുതവണ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അടികൊണ്ടു അവശയായ വയോധികയെ അക്രമി പൊക്കിയെടുത്തു ഇരുട്ടിലേക്ക് മറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനുശേഷം പുലർച്ചെ ഒരുകിലോമീറ്റർ അകലെയുള്ള സിതാര ജംഗ്‌ഷന് സമീപത്താണ് തലയ്ക്ക് മുറിവേറ്റു അർധനഗ്നയായ വയോധികയെ നാട്ടുകാർ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മകൾ എത്തിയാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ വയോധികയുടെ മകൾ പരാതി നൽകി. എന്നാൽ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നില്ല. മാദ്ധ്യമങ്ങളിൽ ഇന്നലെ വാർത്ത വന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.








