പാപ്പുവ ന്യൂ ഗിനിയ : പാപ്പുവ ന്യൂ ഗിനിയൻ കടപ്പുറത്ത് വിചിത്രമായ കടൽ ജീവി അടിഞ്ഞു. അജ്ഞാത ജീവിയുടെ മൃതശരീരം ജീർണിച്ചുകൊണ്ടിരിക്കുന്ന നിലയിലാണ് കരയ്ക്കടിഞ്ഞത്. എന്നാൽ ഇത് എന്ത് ജീവിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് മത്സ്യകന്യകയാണെന്ന അവകാശവാദങ്ങളും ഉയരുന്നുണ്ട്.
ബിസ്മാർക്ക് കടലിലെ സിംബെറി ദ്വീപിലാണ് മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്ര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഏത് ജീവിയാണെന്ന് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. ഇത് ‘ഗ്ലോബ്സ്റ്റർ’ ആണെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നു. അപൂർവ്വമായ ഏതോ കടൽ സസ്തനിയാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ജീവിയുടെ തലയുടെ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. ഇതിനെ നാട്ടുകാർ ചേർന്ന് സംസ്‌കരിച്ചു. ഡിഎൻഎ സാമ്പിൾ ശേഖരിക്കാതിരുന്നതിനാൽ ഇതിനെ തിരിച്ചറിയാനുള്ള സാധ്യതയും ഇല്ലാതായി. ജീവിയുടെ വലുപ്പത്തെക്കുറിച്ചോ ഭാരത്തെക്കുറിച്ചോ വ്യക്തത വന്നിട്ടില്ല. ചിലപ്പോൾ ഇവ കാലങ്ങളോളം കടലിൽ കിടന്ന് അഴുകിയ തിമിംഗലങ്ങളാകാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.











