പത്തനംതിട്ട : വടശ്ശേരിക്കരയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ടതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം രംഗത്ത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഗീതിന്റെ അമ്മ ജെസ്സിയാണ് ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയത്.
ഒക്ടോബർ ഒന്നാം തീയതിയാണ് സംഗീതിനെ കാണാതായത്. പിന്നീട് പതിനേഴാം തീയതി യുവാവിന്റെ മൃതദേഹം പമ്പാനദിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. മലയാലപ്പുഴ പൊലീസ് ആണ് ഈ കേസ് അന്വേഷിക്കുന്നത്.
സംഗീതിന്റെ മരണത്തിൽ പ്രതിയെന്ന് കുടുംബം സംശയിക്കുന്ന സുഹൃത്തായ പ്രദീപിനെ മലയാലപ്പുഴ പോലീസ് കൃത്യമായി ചോദ്യം ചെയ്യുന്നില്ല എന്നാണ് സംഗീതിന്റെ കുടുംബത്തിന്റെ പരാതി. കാണാതാകുന്ന ദിവസം സംഗീത് പ്രദീപിനോടൊപ്പമാണ് പോയതെന്ന് കുടുംബം നേരത്തെ തന്നെ പോലീസിന് മൊഴി നൽകിയിരുന്നു.
സംഗീത് അബദ്ധത്തിൽ തോട്ടിൽ വീണതാകാം എന്നാണ് സംഭവത്തിൽ പ്രദീപ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ സംഗീതിന് നന്നായി നീന്തൽ വശം ഉണ്ടെന്നും അബദ്ധത്തിൽ തോട്ടിൽ വീണ് മരിക്കില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. സംഗീതിന്റെ മൊബൈൽ ഫോൺ പ്രദീപിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നതും സംശയത്തിന് കാരണമാകുന്നുണ്ട്. സംഗീതിന്റെ മൃതദേഹം കണ്ടെത്തിയ സമയത്ത് കൈകാലുകൾക്ക് ഒടിവും മുഖത്തും നെറ്റിയിലും പരിക്കുകളും ഉണ്ടായിരുന്നതും സംശയത്തിന് ആക്കംകൂട്ടി. എന്നാൽ മലയാലപ്പുഴ പോലീസ് പ്രദീപിനെ കൃത്യമായി ചോദ്യം ചെയ്യുന്നില്ല എന്നാണ് സംഗീതിന്റെ കുടുംബം വ്യക്തമാക്കുന്നത്.
Discussion about this post