തൃശൂർ : സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന ഹണി ട്രാപ്പുകളിൽ കുടുങ്ങുന്നവരിൽ അധിവും മദ്ധ്യവയസ്‌കരാണെന്ന് റിപ്പോർട്ട്. നാണക്കേട് ഓർത്ത് പലരും ഈ വിവരങ്ങൾ പുറത്തുപറയുന്നില്ല. എന്നാൽ ഇത് ഇത്തരം സംഘങ്ങൾക്ക് വീണ്ടും പ്രവർത്തിക്കാൻ വളമാവുകയാണ്.
ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഹണി ട്രാപ്പ് സംഘങ്ങൾ ആളുകളെ കുടുക്കുന്നത്. ചാറ്റിംഗിലൂടെ ആരംഭിച്ച് പിന്നീട് കുടുംബാംഗങ്ങളുടെ വിവരങ്ങളെല്ലാം ചോദിച്ചറിയും. ഇരയുമായി അടുത്ത ശേഷം വാട്‌സ് ആപ്പ് നമ്പർ വാങ്ങുന്നതാണ് രീതി. തൊട്ടുപിന്നാലെ വീഡിയോ കോളിൽ വരും. വിവസ്ത്രയായിട്ടായിരിക്കും ഇവർ വീഡിയോ കോളിൽ എത്തുക. കോൾ എടുത്താൽ അപ്പോൾ തന്നെ സ്‌ക്രീൻ ഷോട്ടുമെടുക്കും. കട്ട് ചെയ്താൽ പിന്നാലെ വോയ്‌സ് മെസേജ് എത്തും . സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിലിടുമെന്നും മോർഫ് ചെയ്യുമെന്നുമെല്ലാം ഇവർ ഭയപ്പെടുത്തും. ചിലർ ഈ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല വീഡിയോ വാട്‌സ് ആപ്പിലൂടെ കൈമാറും.
ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ വൻ തുകയാവും ഇവർ ആവശ്യപ്പെടുക. ഹണിട്രാപ്പിൽ കുടുങ്ങിയവരിൽ പലരും പണം കൊടുത്ത് തലയൂരുകയാണ് പതിവ്. മാനം പോകാതിരിക്കാനാണ് ഇത്തരം വഴികൾ തേടുന്നത്. ഇനി പണം കൊടുത്തില്ലെങ്കിൽ ഇവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അശ്ലീല ചിത്രങ്ങൾ കൈമാറും.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് സംഭവിക്കുന്നത് കാരണം പലരും ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപേക്ഷിച്ച അവസ്ഥയാണ്. ഇതിനെതിരെ ജാഗ്രതയാണ് മികച്ച മുൻകരുതൽ എന്ന് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വീഡിയോ കോളുകൾ എടുക്കാതിരിക്കാനാണ് നിർദ്ദേശം. അനാവശ്യമെന്ന് തോന്നുന്ന മെസേജുകളും ലിങ്കുകളും ഡിവൈസിൽ തുറക്കാതിരിക്കുക. തുറക്കണമെങ്കിൽ തന്നെ ഡീഫോൾ ബ്രൗസറായി ക്രോം ഉപയോഗിക്കാം.
അകപ്പെട്ടുവെന്ന് അറിഞ്ഞാൽ ഒഴിവാക്കാനായി പണം കൊടുക്കാതിരിക്കുക. പരാതിയുമായി പോലീസിനെയോ സൈബർ സെല്ലിനെയോ സമീപിക്കാം. ഇത്തരം പ്രശ്‌നങ്ങളിൽ അകപ്പെട്ടാൽ അത് ഒഴിവാക്കാൻ പഠിക്കേണ്ടതും നിർബന്ധമാണ്.












