ധാക്ക: ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ധാക്കയിലെ കിഷോർഗഞ്ചിൽ വൈകീട്ടോടെയായിരുന്നു സംഭവം.
പാസഞ്ചർ തീവണ്ടിയും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗോദുലി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിൽ നിന്നും ചത്തോഗ്രാമിലേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെ എതിരെ വന്ന ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധാക്കയിൽ നിന്നും 80 കിലോ മീറ്റർ മാറി ഭായ്രാബിൽ വച്ചായിരുന്നു തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചത്.
വിവരം അറിഞ്ഞ ഉടൻ അധികൃതർ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീവണ്ടിയ്ക്കുള്ളിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്.
അപകടത്തെ തുടർന്ന് ധാക്ക- ചത്തോഗ്രാ പാതവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.
Discussion about this post