ആലപ്പുഴ : സംഘപരിവാര്‍, എസ്എന്‍ഡിപി സംഘടനകള്‍ക്ക് ക്ഷേത്ര ഭരണത്തിലുള്ള കുത്തക തകര്‍ക്കാന്‍ ക്ഷേത്രഭരണം പിടിക്കാന്‍ സിപിഎം നീക്കം തുടങ്ങി. എസ്എന്‍ഡിപി ക്ഷേത്രഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രണ്ട് ക്ഷേത്രങ്ങളുടെ ഉത്സവ കമ്മറ്റി സിപിഎം നിയന്ത്രണത്തിലാക്കി കഴിഞ്ഞു. തികച്ചും ആസൂത്രിതമായാണ് സിപിഎമ്മിന്റെ ക്ഷേത്രങ്ങളുടെ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍.
കഞ്ഞിക്കുഴി തയ്യില്‍ ക്ഷേത്രം, ചെറുവാരണം പുത്തനമ്പലം ക്ഷേത്രത്തിന്റെ മായിത്തറ ശാഖ എന്നിവയുടെ ഉത്സവ ഭരണ സമിതിയില്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിലാണ് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രധാന സ്ഥാനങ്ങളില്‍ പാര്‍ട്ടിക്കാരെ അനരോധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 50 വര്‍ഷമായി വെള്ളാപ്പള്ളി നടേശന് പ്രസിഡന്റായിട്ടുള്ള കണിച്ചുകുളങ്ങര ക്ഷേത്രഭരണം പിടിക്കാനും പാര്‍ട്ടി തയ്യാറെടുപ്പ് തുടങ്ങി. ഇതിലേക്ക് പാനലും തയ്യാറായി കഴിഞ്ഞതായാണ് വിവരം.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവര്‍ഷം മുന്‍പു വരെ സി.പി.എമ്മില്‍ വിലക്കുണ്ടായിരുന്നു. ആലപ്പുഴ ജില്ലയില്‍തന്നെ ചുനക്കര തിരുവൈരൂര്‍ ക്ഷേത്രത്തില്‍ ഭരണസമിതിയിലേക്ക് മത്സരിച്ചവര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം ജില്ലാക്കമ്മിറ്റി നടപടിയെടുത്തിരുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.
പാര്‍ട്ടിനിയന്ത്രണം പിടിച്ച ക്ഷേത്രങ്ങള്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങളുടെ കൂട്ടായ്മയില്‍ നടത്തുന്നവയാണ്. നാലുശാഖകളുടെ പ്രവര്‍ത്തന മേഖലയിലുള്ള ക്ഷേത്രമാണ് കഞ്ഞിക്കുഴിയിലെ തയ്യില്‍ ക്ഷേത്രം.പുത്തനമ്പലം ക്ഷേത്രം 20 എസ്.എന്‍.ഡി.പി. ശാഖകളുടെ പ്രവര്‍ത്തന പരിധിയിലുള്ളതാണ്. ഈ മേഖലയിലെ ഈഴവ വിഭാഗത്തിലുള്ളവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവിടെ ഭരണവും ഉത്സവവും നടത്തി വന്നിരുന്നത്. ഇതിന്റെ ഭരണ സംവിധാനത്തില്‍പ്പെട്ട മായിത്തറയിലെ ഉത്സവ കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് സി.പി.എം. വിജയിച്ചത്.
വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ച് നില്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വേണമെന്ന് സിപിഎമ്മില്‍ അരവിക്കര തെരഞ്ഞെടുപ്പിന് ശേഷം രഹസ്യ തീരുമാനം ഉണ്ടായിരുന്നു. ഹൈന്ദവ ആഘോഷങ്ങളില്‍ പാര്‍ട്ടി പങ്കാളിത്തം ഉറപ്പ് വരുത്താനും, കമ്മറ്റികള്‍ പിടിച്ചെടുക്കാനുമാണ് തീരുമാനം. ആര്‍എസ്എസ്, എസ്എന്‍ഡിപി വളര്‍ച്ചയ്ക്ക് ക്ഷേത്ര ഭരണത്തിലുള്ള ഇടപെടലുകള്‍ കാരണമായതായി സിപിഎം വിലയിരുത്തിയിരുന്നു. ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം പോലുള്ള ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നു.
Discussion about this post