ലക്‌നൗ: ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ സ്‌റ്റേജിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ നടപടി. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു. ഗാസിയാബാദിലെ എബിഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകരായ മമതാ ഗൗതം, ശ്വേത ശർമ്മ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
വിദ്യാർത്ഥിയെ ഇറക്കിവിട്ടതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് കോളേജ് ആഭ്യന്തര കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തി. അദ്ധ്യാപകർ പെരുമാറിയത് നിരുത്തരവാദപരമായിട്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിനിടെ ആയിരുന്നു വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ദുരനുഭവം ഉണ്ടായത്. വേദിയിൽ കയറി പാട്ടുപാടാൻ ഒരുങ്ങിയ വിദ്യാർത്ഥിയെ നോക്കി സദസ്സിൽ ഉണ്ടായിരുന്നവർ ജയ് ശ്രീറാം വിളിച്ചു. തുടർന്ന് വിദ്യാർത്ഥിയും തിരികെ ജയ് ശ്രീറാം പറഞ്ഞ് വേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇത് കേട്ട അദ്ധ്യാപകർ വിദ്യാർത്ഥിയ്ക്ക് നേരെ ആക്രോശിച്ചു. ഇതിന് ശേഷം വേദിയിൽ നിന്നും ഇറക്കിവിടുകയായിരുന്നു.
Discussion about this post