ബംഗളൂരു: കഴുത്തിൽ പുലി നഖത്തിന്റെ ലോക്കറ്റ് അണിഞ്ഞ ബിഗ് ബോസ് താരം അറസ്റ്റ് ചെയ്ത് വനംവകുപ്പ്. ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയായ വർത്തൂർ സന്തോഷാണ് അറസ്റ്റിലായത്. കഴുത്തിൽ അണിഞ്ഞത് യഥാർത്ഥ പുലിനഖത്തിന്റെ ലോക്കറ്റ് ആണോ എന്ന സംശയത്തെ തുടർന്നായിരുന്നു സന്തോഷിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചാനലിൽ പുലി നഖത്തിന്റെ ലോക്കറ്റ് അണിഞ്ഞാണ് സന്തോഷ് പ്രത്യക്ഷപ്പെട്ടത്. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സ്വമേധയാ കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഗ് ബോസ് നടക്കുന്ന വീട്ടിൽ എത്തിയായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്. ലോക്കറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ലോക്കറ്റ് ഏതെങ്കിലും മൃഗത്തിന്റെ നഖമാണോ എന്ന് അറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കാണ് ലോക്കറ്റ് പരിശോധനയ്ക്കായി അയച്ചത്.
ചോദ്യം ചെയ്യലിൽ പുലി നഖമാണെന്ന് സന്തോഷ് സമ്മതിച്ചുവെന്നാണ് അധികൃതർ പറയുന്നത്. പാരമ്പര്യമായി ലഭിച്ചതാണെന്നും മൊഴി നൽകിയിട്ടുണ്ട്. അതേസമയം കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post