റാഞ്ചി : വാഹനം ഓടിക്കുന്നതിനിടയിൽ സെൽഫി എടുക്കാൻ നടത്തിയ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ. നിയന്ത്രണം തെറ്റിയ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചയോടെ ആയിരുന്നു അപകടമുണ്ടായത്.
ദസറ ആഘോഷ ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 5.15-ഓടെയാണ് ബൊലേറോ വാഹനം കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് പോലീസ് എത്തുകയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തെങ്കിലും എല്ലാവരുടെയും മരണം സംഭവിച്ചിരുന്നു.
ദുർഗാ പൂജ ആഘോഷങ്ങൾക്കായി സ്വന്തം ഗ്രാമത്തിലേക്ക് എത്തിയിരുന്ന ഈ പ്രദേശവാസിയായ ലൗലി ദേവി എന്ന യുവതിയും ഭർത്താവും സഹോദരനും യുവതിയുടെ മക്കളുമാണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post