ബെയ്‌റൂട്ട് : ഗസയിൽ ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ വിജയം കൈവരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഇസ്ലാമിക് ഭീകര ഗ്രൂപ്പുകൾ. പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ ലബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി കൂടിക്കാഴ്ച നടത്തി. ഹമാസും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുമായി ചർച്ച നടത്തിയതായി ഹിസ്ബുള്ള വ്യക്തമാക്കി.
ഹമാസ് നേതാവ് സാലിഹ് അൽ-അറൂരിയുമായും ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് നഖാലെ ബിയോങ്ങുമായും നസ്‌റല്ല കൂടിക്കാഴ്ച നടത്തിയതാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ലെബനനിലെ ഒരു അജ്ഞാത സ്ഥലത്തായിരുന്നു കൂടിക്കാഴ്ച നടന്നതെന്നാണ് സൂചിപ്പിക്കുന്നത്. ഗസയിൽ ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തിൽ ഒരു പുതിയ മുന്നണിയുണ്ടാക്കുന്നതിനായാണ് ഇരു രാജ്യങ്ങളിലെയും തീവ്രവാദ ഗ്രൂപ്പുകൾ ചർച്ച നടത്തിയത് എന്നാണ് പറയപ്പെടുന്നത്.
ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ സൈന്യവുമായി ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ദിവസവും വെടിവയ്പ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പലസ്തീനോടൊപ്പം ലെബനീസ്, സിറിയൻ, ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ എന്നിവയും ഇസ്രായേലിനെതിരെ പൊരുതാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആഴ്ചകളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഗസയിൽ ആറായിരത്തോളം പേർ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
Discussion about this post