ബീജിങ്: ചൈനയിൽ വീണ്ടും എട്ട് പുതിയ വൈറസുകൾ ഗവേഷകർ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുവരെ കാണാത്ത വൈറസുകളാണിത്. അതിലൊന്ന് കോവിഡ് വ്യാപനത്തിന് കാരണമായതിന് സമാനമായ വൈറസ് ആണെന്നും ദ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഹെയ്‌നാൻ ദ്വീപിൽ മൃഗങ്ങളിലും ജന്തുക്കളിലും നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുതിയ വൈറസുകൾ കണ്ടെത്തിയത്.
ജന്തുജന്യരോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പം എത്താൻ സാദ്ധ്യതയുളളവയാണ് ഇവയെന്ന് ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതാണ് ആശങ്ക ഉയർത്തുന്നത്. വൈറസിന്റെ അപകടസാദ്ധ്യതയെക്കുറിച്ചും അത് മനുഷ്യരുടെ ആരോഗ്യസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വിശദമായ പഠനത്തിന് ഒരുങ്ങുകയാണ് ഗവേഷകർ.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ഏറെ സാദ്ധ്യതയുളള വൈറസുകളാണെന്ന പ്രാഥമിക നിഗമനമാണ് ഗവേഷകർ പങ്കുവെയ്ക്കുന്നത്. ചൈനയുടെ പ്രധാന നഗരങ്ങളിൽ നിന്ന് മാറി ഒറ്റപ്പെട്ട പ്രദേശമാണ് ഹെയ്‌നാൻ ഐലന്റ്. 9 മില്യൻ ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.
നിലവിൽ കണ്ടെത്തിയ വൈറസുകൾ വളരെ വേഗത്തിൽ പ്രത്യുൽപാദനശേഷിയുളളവയാണ് എന്നതും ആശങ്ക ഇരട്ടിയാക്കുന്നു. 2017 മുതൽ 2021 വരെ വിവിധ ജന്തുക്കളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. ചൈനീസ് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന പഠനത്തിൽ 682 സാമ്പിളുകളാണ് പരിശോധിച്ചത്.
കൊറോണ വൈറസിന്റെ ഉപവകഭേദമായ കോവ് എച്ച്എംയു 1 എന്ന വൈറസാണ് കോവിഡിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതായി പരിശോധനകളിൽ വ്യക്തമാകുന്നത്. മഞ്ഞപ്പനിയും ഡെങ്കിയുമായി ബന്ധപ്പെട്ട രണ്ട് വൈറസുകളും പനിയും വയറിന് അസുഖവും മുതൽ കാൻസറിന് കാരണമാകുന്ന വൈറസുകൾ വരെ കണ്ടെത്തിയതായാണ് വിവരം.
വൈറസുകളുടെ പ്രാഥമിക സ്വഭാവം വിലയിരുത്തി തരം തിരിച്ച് കൂടുതൽ പഠനത്തിന് വിധേയമാക്കുമെന്ന് ഗവേഷകർ അറിയിച്ചു. കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെന്ന് വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ വിവരവും ലോകജനതയെ ആശങ്കയിലാക്കുന്നതാണ്.
Discussion about this post