ലണ്ടൻ : കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പോലീസുകാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2020 നവംബർ മുതൽ 2023 ഫെബ്രുവരി വരെ 10-നും 16-നും ഇടയിൽ പ്രായമുള്ള 210 പെൺകുട്ടികൾക്ക് ഇയാൾ മൊബൈൽ ഫോൺ വഴി ഭീഷണി സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നാണ് കേസ്.
സൗത്ത് വെയിൽസിൽ നിന്നുള്ള എഡ്വേർഡ്സ് എന്ന 24 കാരനായ പോലീസ് ഉദ്യോഗസ്ഥനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. 2021 ജനുവരിയിൽ ആയിരുന്നു ഇയാൾ പോലീസ് കോൺസ്റ്റബിളായി സേനയിൽ ചേർന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത 160ഓളം കേസുകളിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. മൊബൈൽ ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ അയച്ചാണ് ഇയാൾ ഇരകളെ കെണിയിൽ വീഴ്ത്തിയിരുന്നത്.
ജഡ്ജി ട്രേസി ലോയ്ഡ്-ക്ലാർക്ക് ആണ് പോലീസ് ഉദ്യോഗസ്ഥനുള്ള ശിക്ഷ പ്രസ്താവിച്ചത്. തന്റെ കുറ്റകൃത്യത്തിൽ നിന്ന് ലൈംഗിക സംതൃപ്തി നേടുക മാത്രമല്ല, തന്റെ അധികാരവും നിയന്ത്രണവും അദ്ദേഹം ക്രൂരമായി ദുരുപയോഗം ചെയ്യുകയും ചെയ്തു എന്ന് ജഡ്ജി വ്യക്തമാക്കി.










Discussion about this post