ന്യൂയോർക്ക് : ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ആയിരിക്കാം എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് ഈ സംശയം ഉന്നയിച്ചത്. ഇക്കാര്യത്തിൽ തെളിവുകളൊന്നുമില്ല എങ്കിലും അതൊരു കാരണമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും ബൈഡൻ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നത്. ഇന്ത്യ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളാണ് ഈ ധാരണാപത്രത്തിൽ ഒപ്പു വച്ചിട്ടുള്ളത്. ഇന്ത്യയെ പശ്ചിമേഷ്യയും മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴി, പശ്ചിമേഷ്യയേയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി എന്നിങ്ങനെയുള്ള രണ്ട് വ്യത്യസ്ത ഇടനാഴികൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി.
ഇന്ത്യയിൽ നിന്നും പശ്ചിമേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ സാമ്പത്തിക വികസനത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കാൻ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയ്ക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒരു റെയിൽ പാതയും ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമുദ്രമാർഗ്ഗവും റെയിൽ മാർഗ്ഗവും ഇന്ത്യയിൽ തുടങ്ങി യൂറോപ്പ് വരെ നീളുന്ന സുഗമമായ ചരക്ക് ഗതാഗതം സാധ്യമാകുന്നതാണ്.
Discussion about this post