തിരുവനന്തപുരം:മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങകള് ഇന്ന് വൈകിട്ട് 6ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും .ഗവര്‍ണര്‍ പി.സദാശിവമാണ് ചടങ്ങിലെ മുഖ്യാതിഥി. സമാപനച്ചടങ്ങില്‍ നടി ശോഭനയുടെ ‘റിവേഴ്സ് ഓഫ് ഇന്ത്യ’ എന്ന നൃത്തശില്പമുണ്ടായിരിക്കും. ഇന്ത്യയിലെ നദികളെക്കുറിച്ചാണ് നൃത്തശില്പം. മാര്‍ച്ച് പാസ്റ്റും മെഡല്വിതരണവും കഴിഞ്ഞ് അവസാന ഇനമായി ഗോവയില്‍നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറും. ഗോവയിലാണ് അടുത്ത ദേശീയ ഗെയിംസ് നടക്കുന്നത്.
ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സര്‍വ്വീസസാണ് കിരീടം നിലനിര്‍ത്തിയത്. 91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡല്‍ നേടി തികച്ചും ആധികാരികമായാണ് 35ാം ദേശീയ ഗെയിംസില്‍ പട്ടാള ടീം ജേതാക്കളായത്. അതേസമയം, 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമായി 162 മെഡല്‍ നേടി കേരളം റണ്ണറപ്പുകളായി.
സര്വ്വീസസിനെക്കാള് മെഡലുകളുടെ എണ്ണത്തില്‍ മുന്നിലെത്തിയെന്നത് കേരളത്തിന് അഭിമാനം നല്കുന്നു. സര്‍വീസസിന്റെ മെഡലുകളെല്ലാം പുരുഷന്മാരിലൂടെയാണ്. എന്നാല്‍ കേരളത്തിന്റെ മെഡലുകളില്‍ ഏറിയ പങ്കും നേടിയത് വനിതാ താരങ്ങളാണ്. 1999ലെ മണിപ്പുര്‍ ദേശീയ ഗെയിംസിലാണ് നേരത്തെ കേരളം റണ്ണറപ്പുകളായിട്ടുള്ളത്.
സമാപനച്ചടങ്ങിനോടനുബന്ധിച്ച് നാലുമണി മുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. ഓരോ വിഭാഗത്തിനും പ്രത്യേകം ഗാലറികള്‍ തിരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പാസ് ഇല്ല.
മീഡിയ, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുള്ള പ്രവേശനം എ സെക്ടറിലും (പടിഞ്ഞാറേ ഗാലറിയിലെ ചുവന്ന നിറത്തിലുള്ള ഇരിപ്പിടങ്ങള്‍) ഗവണ്മെന്റ്, പൊതുമേഖലാ ജീവനക്കാര്‍ക്ക് ബി സെക്ടറിലും (പടിഞ്ഞാറേ ഗാലറിയിലെ പച്ച നിറത്തിലുള്ള ഇരിപ്പിടങ്ങള്‍) കായികതാരങ്ങള്‍, ടെക്നിക്കല്‍ ഒഫീഷ്യല്‍സ് എന്നിവര്‍ക്ക് എച്ച് സെക്ടറിലും (കിഴക്കേ ഗാലറിയിലെ പച്ച നിറത്തിലുള്ള ഇരിപ്പിടങ്ങള്‍) നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ്, ഡിസ്ട്രിക്ട് ഓര്‍ഗനെസിങ് കമ്മറ്റി അംഗങ്ങള്‍, അക്രഡിറ്റേഷന് കാര്‍ഡുള്ളവര്‍ എന്നിവര്‍ക്ക് ജി സെക്ടറിലും (കിഴക്കേ ഗാലറിയിലെ നീലനിറത്തിലുള്ള ഇരിപ്പിടങ്ങള്‍) കലാപരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്മാര്, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇ സെക്ടറിലും (തെക്കേ ഗേറ്റിലുള്ള മഞ്ഞ, പച്ച നിറങ്ങളിലുള്ള ഇരിപ്പിടങ്ങള്‍) യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും എഫ് സെക്ടറിലും (കിഴക്ക് ഗേറ്റുവഴി കടന്നുള്ള മഞ്ഞ, പച്ച നിറങ്ങളിലുള്ള ഇരിപ്പിടങ്ങള്‍) ഐ.എല്‍. ആന്‍ഡ് എഫ്.എസ്., കെ.എസ്.എഫ്.എല്‍. ജീവനക്കാര്‍ക്ക് സി സെക്ടറിലും (പടിഞ്ഞാറേ ഗാലറിയിലെ നീല നിറത്തിലുള്ള ഇരിപ്പിടങ്ങള്‍) ആണ് പ്രവേശനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്റ്റേഡിയത്തില്‍ നിന്നുതന്നെ ഭക്ഷണസാധനങ്ങളും കുടിവെള്ളവും വില നല്കി വാങ്ങാനുള്ള സംവിധാനമുണ്ട്. ചടങ്ങുകള്‍ കാണാന്‍ വരുന്നവര്‍ ഭക്ഷണസാധനങ്ങള്‍, പൊട്ടുന്ന കുപ്പികള്‍, എറിയപ്പെടാവുന്ന സാമഗ്രികള്‍ എന്നിവ കൊണ്ടുവരാന്‍ പാടുള്ളതല്ല.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കെത്തുന്ന പൊതുജനങ്ങള്‍ അവരവരുടെ വാഹനങ്ങള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് വളപ്പിലോ കാര്യവട്ടത്തുനിന്ന് ടെക്നോപാര്‍ക്കിലേക്കുള്ള റോഡിന്റെ സ്ഥലത്തോ ബൈപ്പാസിന് സമീപത്തുള്ള ജിഞ്ചര്‍ ഹോട്ടലിന് എതിര്‍വശത്തുള്ള സ്ഥലത്തോ അല്‍സാജ് കണ്‍െവന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടിലോ പാര്ക്കുചെയ്തതിനു ശേഷം മാത്രം സ്റ്റേഡിയത്തിലേക്ക് എത്തണം.
പൊതുജനങ്ങളുടെ വാഹനങ്ങള്‍ യാതൊരു കാരണവശാലും സ്റ്റേഡിയം കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല.
Discussion about this post