കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മുസ്ലിം ലീഗ് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്യവേയാണ് ഹമാസിനെ ശശി തരൂർ ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചത്.
ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 ആളുകളെ കൊന്നു. 200 പേരെ ബന്ദികളാക്കി. എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകൾ. അതിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബിംഗ് ഇനിയും നിർത്തിയിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. മനുഷ്യാവകാശത്തിന്റെ വിഷയമാണിത്. ബോംബ് വീഴുന്നത് ആരുടെയും മതം ചോദിച്ചിട്ടല്ല. പലസ്തീൻ ജനസംഖ്യയിൽ രണ്ട് ശതമാനം ക്രിസ്ത്യാനികളും ഉണ്ട്. അവരും ഈ കെടുതികൾ അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതൽ ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടിട്ടുളളത്. പലസ്തീൻ ജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യം ഉറപ്പിച്ച് ലോകത്ത് നടത്തുന്ന പ്രധാന മനുഷ്യാവകാശ റാലിയിൽ ഒന്നാണ് കോഴിക്കോട് നടക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. യുദ്ധത്തിലും ചില നിയമങ്ങളുണ്ട്. ജനീവ ഉടമ്പടിയുടെ ഉൾപ്പെടെ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
എല്ലാവരും ഒരുമിച്ച് ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്ന കേരളം ജൂത അഭയാർത്ഥികളെ സ്വീകരിച്ചിട്ടുളള സ്ഥലമാണ്. ഒരു തരത്തിലും അവർക്ക് ഒരു വേർതിരിവും ഇല്ലാതിരുന്ന ഏക സ്ഥലവും ഇതാണെന്ന് ശശി തരൂർ പറഞ്ഞു. ഇസ്രയേൽ ആക്രമണം ഉടനെ നിർത്തണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ പ്രത്യേക പ്രാർത്ഥനയും പലസ്തീൻ ജനതക്ക് വേണ്ടി സമ്മേളനത്തിൽ നടത്തി. വേട്ടക്കാർക്കൊപ്പമല്ല, വേദനിക്കുന്നവർക്കൊപ്പമാണ് ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടതെന്നും സ്വതന്ത്ര രാഷ്ട്രം മാത്രമാണ് പലസ്തീൻ പ്രശ്നത്തിന്റെ പരിഹാരമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Discussion about this post