എറണാകുളം : മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവച്ചു . യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ളതാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്. കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് യുഎ ലത്തീഫ് എംഎല്‍എയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
ഈ വർഷം ജനുവരിയിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് യുഎ ലത്തീഫ് എംഎല്‍എ ഹർജി നൽകിയിരുന്നത്. നിര്‍ബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതിയേയും ഈ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.
കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ എല്ലാം ജില്ലാ ബാങ്കുകളും ചേർന്നാണ് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാൽ ജില്ലാ സഹകരണ ബാങ്കുകളിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം ലയനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
Discussion about this post