കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ചാന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാൻഡിംഗിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽനിന്ന് വൻതോതിൽ പൊടി അകന്നുമാറി ഒരു വലയം സൃഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ ഐഎസ്ആർഒ. വിക്രം ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവ പ്രദേശത്ത് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ചന്ദ്രോപരിരതലത്തിലെ പൊടി അകന്നുമാറുകയും ഒരു എജെക്റ്റ വലയം രൂപപ്പെടുകയും ചെയ്തുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.
ഏകദേശം 2.06 ടണ്‍ എപ്പിറെഗോലിത്ത് പൊടിയാണ് ലാൻഡിംഗിൽ അകന്നുമാറിയത്. ഈ പൊടിപടലങ്ങളാണ് മനോഹരമായ ഒരു വലയം സൃഷ്ടിച്ചത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഐഎസ്ആർഒ എജെക്റ്റ വലയം രൂപപ്പെട്ടതിനെ കുറിച്ച് വ്യക്തമാക്കിയത്. ബെംഗളുരുവിലെ ഐ എസ് ആർ ഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ശാസ്ത്രജ്ഞരാണ് ലാൻഡറിന് ചുറ്റും രൂപപ്പെട്ട ഈ പ്രതിഭാസം നിരീക്ഷിച്ചത്.
ചാന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ പകർത്തിയ ചിത്രങ്ങൾ ആണ് എജെക്റ്റ വലയം രൂപപ്പെട്ടതിനെ വ്യക്തമാക്കിയത്. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവും ഒ എച്ച് ആർ സി എടുത്ത ലാൻഡിങ് സ്ഥലത്തിന്റെ ചിത്രങ്ങൾ വിശകലനം ചെയ്തതാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വലയം രൂപപ്പെട്ടതായി കണ്ടെത്തിയത്.
എജെക്റ്റ വലയത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് സ്വാതി സിങ്ങ്, പ്രകാശ് ചൗഹാന്‍, പ്രിയോം റോയ് എന്നിവർ ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് റിമോട്ട് സെന്‍സിങ്ങിൽ എഴുതിയ ലേഖനത്തിന്റെ ലിങ്കും ഐഎസ്ആർഒ പങ്കുവെച്ചു.
Discussion about this post