ലണ്ടന്‍: പ്രകൃതിയിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളെയും നമ്മള് പലപ്പോഴം സാകൂതം ശ്രദ്ധിക്കാറുണ്ട്. അവയില്‍ പ്രകടമായി വരുന്ന മാറ്റങ്ങള്‍ക്ക് പലപ്പോഴും നിഗൂഡ സ്വഭാവമാണ് നമ്മള് കൊടുക്കാറ്. അപ്പോള്‍ പെട്ടെന്ന് ഒരു ദിവസം ആകാശം പിങ്ക് നിറമായാലോ? സ്വാഭാവികമായി ഞെട്ടും അല്ലേ? അത്തരത്തില്‍ ഞെട്ടി ഭയന്ന് ദിവസങ്ങളോളം കഴിയേണ്ടി വന്നു ഇംഗ്ലണ്ടിലെ ചെറിയ ഗ്രാമത്തിന്.
ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇത്തരമൊരു നിഗൂഡത നിറഞ്ഞ പിങ്ക് ആകാശം കാണപ്പെട്ടത്. ഇതോടെ ആളുകള്‍ ഭയക്കുകയും വിഷയം വന്‍ ചര്‍ച്ചയാവുകയും ചെയ്തു. സൂര്യനസ്തമിക്കുന്നതിന് ശേഷമാണ് ഇത്തരത്തില്‍ ആകാശം പിങ്ക് നിറമാകുന്നത്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കാരണം തക്കാളി കൃഷിയാണെന്ന് വിശദമാക്കിയിരിക്കുകയാണ് നിക്ക് ഡെന്‍ഹാം എന്ന യുകെയിലെ വന്‍കിട ഫാമുടമ. തക്കാളി ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി ഉപയോഗിച്ച എല്‍ഇഡി ലൈറ്റാണ് നാട്ടുകാരെ ഭീതിയിലാക്കിയ ആകാശത്തിന്റെ നിറം മാറ്റത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ തന്നെ വന്‍ കിട നഴ്സറി ഉടമയാണ് നിക്ക്. തൈകള്‍ ഉല്പാദിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കുന്ന നിക്കിന്റെ ഫാമില്‍ നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഊര്‍ജ്ജ പ്രതിസന്ധി മൂലം വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നിക്ക് ഫാമില്‍ ചെയ്ത ടെക്നിക്കായിരുന്നു പിങ്ക് നിറത്തിലെ എല്‍ഇഡി ലൈറ്റുകള്‍. തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പിങ്ക് നിറത്തിന് സാധിക്കുമെന്ന നിരീക്ഷണത്തിലാണ് എല്‍ഇഡി ലൈറ്റുകള്‍ക്ക് നിറം നല്‍കിയത്. പകല്‍ വെളിച്ചത്തിന്റെ സ്വാധീനം പരമാവധി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പിങ്ക് നിറം ഉപയോഗിച്ചത്. എന്നാല്‍ നിക്കിന്റെ ഗ്രീന്‍ഹൌസുകളില്‍ നിന്നുള്ള പിങ്ക് വെളിച്ചം കുറച്ചൊന്നുമല്ല നാട്ടുകാരെ വലച്ചത്. അന്യഗ്രഹ ജീവികളെ പ്രതീക്ഷിച്ച് പേടിച്ചിരുന്ന നാട്ടുകാരോട് നിക്ക് തന്നെയാണ് ലൈറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ചില ദിവസങ്ങളില്‍ മാത്രം ഈ പിങ്ക് നിറം ആകാശത്ത് കാണുന്നതിലെ ലോജിക്കാണ് ഇപ്പോള്‍ നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. എന്നാല്‍ അതിനുള്ള മറുപടിയും നിക്ക് തന്നെ നല്‍കുന്നുണ്ട്. ഗ്രീന്‍ഹൌസിന് പുറത്തെ താപനില ഉയരുമ്പോള്‍ ഗ്രീന്‍ ഹൌസിലെ കര്‍ട്ടനുകള്‍ മാറ്റുന്നതാണ് വെളിച്ചം പുറത്ത് വരാന്‍ കാരണമാകുന്നതെന്ന് നിക്ക് വിശദീകരിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ 1 മില്യണ്‍ യൂറോയുടെ വൈദ്യുതി ബില്ല് ലഭിച്ചത് ഇത്തവണ എല്‍ഇഡി ലൈറ്റ് വന്നതിന് പിന്നാലെ വളരെയധികം കുറഞ്ഞുവെന്നും നിക്ക് പറയുന്നു.
Discussion about this post