ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതെന്ന് ക്ഷേത്ര പൂജാരി. 21 രൂപ അടങ്ങിയ ഒരു കവർ പ്രധാനമന്ത്രി സംഭാവനയായി രാജസ്ഥാനിലെ ഭിൽവാര ദേവനാരായണ ക്ഷേത്രത്തിൽ സമർപ്പിച്ചു എന്ന പ്രിയങ്കയുടെ ആരോപണത്തിനെതിരെയാണ് പുരോഹിതൻ രംഗത്ത് വന്നിരിക്കുന്നത്.
അങ്ങനെ ഒരു സംഭവം ഉണ്ടായതായി തനിക്ക് അറിയില്ലെന്നും താൻ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് പുരോഹിതൻ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഉന്നയിച്ച ആരോപണത്തിനെതിരെ നേരത്തേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രിയങ്കക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുരോഹിതന്റെ വെളിപ്പെടുത്തൽ. ഇതോടെ പ്രിയങ്കയും കോൺഗ്രസും വെട്ടിലായിരിക്കുകയാണ്.
ഒക്ടോബർ 20ന് ദൗസയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു പ്രിയങ്ക വിവാദ പരാമർശം നടത്തിയത്. ക്ഷേത്രത്തിൽ പ്രധാനമന്ത്രി നൽകിയ സംഭാവന കവർ തുറന്നപ്പോൾ അതിൽ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് താൻ ടിവിയിൽ കണ്ടിരുന്നു എന്നായിരുന്നു പ്രിയങ്ക പ്രസംഗിച്ചത്. എന്നാൽ സംഗതി വിവാദമായതോടെ, പ്രിയങ്ക ന്യായീകരണവുമായി രംഗത്ത് വന്നിരുന്നു. അവകാശവാദത്തിന്റെ ആധികാരികതയിൽ തനിക്ക് പൂർണ ബോദ്ധ്യമില്ലെന്നും, ടിവിയിൽ കണ്ടത് മാത്രമാണ് താൻ പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.








