ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മത പോലീസിന്റെ മർദ്ദനത്തിന് ഇരയായ 16 കാരി മരിച്ചു. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർമിത ഗരവന്ദ് ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അർമിതയുടെ മരണം ആശുപത്രി സ്ഥിരീകരിച്ചത്.
പോലീസിന്റെ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്. 28 ദിവസമാണ് തീവ്രപരിചരണ വിഭാഗത്തിൽ അർമിത ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഒക്ടോബർ മൂന്നിനായിരുന്നു ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് അർമിതയെ മതപോലീസ് ആക്രമിച്ചത്. ടെഹ്‌റാനിലെ മെട്രോയിൽ ആയിരുന്നു സംഭവം. ഹിജാബ് ധരിക്കാതെ മെട്രോയിൽ യാത്ര ചെയ്ത കുട്ടിയെ ലാത്തികൊണ്ട് ഉൾപ്പെടെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ കുട്ടി മെട്രോയിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പ്രതിഷേധ പ്രകടനവുമായി നിരവധി പേർ തെരുവിലിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമീനി എന്ന യുവതിയെ മതപോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രതിഷേധം മാസങ്ങൾക്ക് ശേഷമാണ് കെട്ടടങ്ങിയത്.
Discussion about this post