കോഴിക്കോട്: മോശമായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തത്. മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവർത്തകയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. ഉച്ചയോടെയായിരുന്നു പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർ നടപടികൾക്കായി ഈ പരാതി കമ്മീഷണർ നടക്കാവ് എസ്എച്ച്ഒയ്ക്ക് കൈമാറുകയായിരുന്നു. ഇതിലാണ് വൈകീട്ടോടെ കേസ് രജിസ്റ്റർ ചെയ്തത്.
ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പരാതിയിൽ മാദ്ധ്യമ പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സംഭവത്തിൽ സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ നിലപാട്. ഇതേ തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്.
അതേസമയം സംഭവത്തിൽ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്ത് വരുന്നത്. അദ്ദേഹത്തെ മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് വ്യാപകമായി ഉയരുന്ന പ്രതികരണം.
Discussion about this post