തിരുവനന്തപുരം : 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനഃസാക്ഷിക്കുത്തില്ലാതെ ചെലവാക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തിരുവനന്തപുരം ജില്ല വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്താനായി 27 കോടി രൂപ ചില വിട്ടാണ് കേരളീയം നടത്തുന്നത്. അവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
“കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാനും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും നെല്ലു സംഭരിക്കാനും പണം ചോദിക്കുമ്പോള്‍ ധനമന്ത്രി കൈമലര്‍ത്തുകയാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതിനു പകരം ആര്‍ഭാടത്തില്‍ ആറാടുന്ന അഭിനവ നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്” എന്നും കെ സുധാകരൻ വിമർശിച്ചു.
9 ലക്ഷം അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി മാത്രം നല്കിയപ്പോള്‍ ആർഭാടം കാണിക്കുന്ന കേരളീയത്തിനായി 27 കോടിയാണ് ചെലവാക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി 570 കോടി നല്കാനും സ്പീക്കര്‍ക്ക് വിദേശയാത്ര നടത്താനായി 33 ലക്ഷം രൂപ നല്കാനും സർക്കാരിന് ഇഷ്ടംപോലെ പണമുണ്ട് എന്നും കെ സുധാകരൻ വ്യക്തമാക്കി.
സാമൂഹിക ക്ഷേമപെന്‍ഷന്‍ നാലുമാസമായി മുടങ്ങിക്കിടക്കുകയാണ്. ട്രഷറിയിൽ നിന്നും ബില്ലുകൾ മാറിക്കൊടുക്കുന്നില്ല. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ പോകുന്നു. ഇത്തരത്തിൽ സാധാരണക്കാരന്റെ കഴുത്തറക്കും വിധം നികുതി വര്‍ധിപ്പിച്ച് പിരിച്ചെടുക്കുന്ന പണമാണ് പിണറായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് എന്നും കെ സുധാകരൻ വിമർശിച്ചു.
Discussion about this post