ഭോപ്പാൽ : മധ്യപ്രദേശിൽ കമൽനാഥുമായി ഭിന്നതയുണ്ടെന്ന ആരോപണം തള്ളി കോൺഗ്രസ് എംപി ദിഗ്‌വിജയ സിംഗ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. ദൃഢനിശ്ചയത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ദിഗ്‌വിജയ സിംഗ് വ്യക്തമാക്കി.
“ബിജെപിയുടെ പ്രാദേശിക ഘടകത്തിലെ ഗ്രൂപ്പിസം ഓരോ ദിവസവും ശക്തമായി കൊണ്ടിരിക്കുകയാണ്. അത് മറച്ചുവെക്കാൻ അവർ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തുകയാണ്. പ്രത്യേകിച്ച് ഞാനും കമൽനാഥും തമ്മിലുള്ള ഭിന്നതയുടെ തെറ്റായ വാർത്തകൾ സ്പോൺസർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കോൺഗ്രസിലെ എല്ലാ നേതാക്കളും ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ്.” എന്നും ദിഗ്‌വിജയ സിംഗ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
കമൽനാഥുമായുള്ള തർക്കത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിഗ്‌വിജയ സിംഗ് പങ്കെടുക്കില്ല വ്യക്തമാക്കി കൊണ്ടുള്ള കത്ത് പുറത്ത് വന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായപ്പോൾ ഈ കത്ത് ബിജെപി വ്യാജമായി സൃഷ്ടിച്ചതാണ് എന്നാണ് ദിഗ്‌വിജയ സിംഗ് ആരോപണമുന്നയിക്കുന്നത്.








