ലക്‌നൗ : ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശോജ്ജ്വല ജയം. വളരെ ചെറിയ സ്‌കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും ബൗളർമാരുടെ മികവിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. 230 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 129 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ലോകകപ്പ് സെമിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടി വന്നത്. 40 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര താരങ്ങളാണ് പവലിയൻ കയറിയത്. റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്ലിയും 9 റൺസെടുത്ത ശുഭ്മാൻ ഗില്ലും 4 റൺസെടുത്ത ശ്രേയസ് അയ്യരുമാണ് പുറത്തായത്. നാലാം വിക്കറ്റിൽ കെ.എൽ രാഹുലുമൊത്ത് ക്യാപ്ടൻ രോഹിത് ശർമ്മ പടുത്തുയർത്തിയ 91 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. രോഹിത് ശർമ്മ 87 ഉം കെ.എൽ രാഹുൽ 39 ഉം റൺസെടുത്തു. വാലറ്റക്കാരെ കൂട്ടു പിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ ചെറുത്തു നില്പാണ് ഇന്ത്യൻ സ്‌കോർ ഇരുനൂറു കടത്തിയത്. യാദവ് 49 റൺസ് നേടി. 9 വിക്കറ്റിന് 229 റൺസാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി മൂന്നും വോക്‌സും റാഷിദും രണ്ട് വിക്കറ്റുകൾ വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരിക്കൽ പോലും ജയ സാദ്ധ്യത നിലനിർത്താനായില്ല. ഡേവിഡ് മാലാനെയും ജോ റൂട്ടിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ജസ്പ്രീത് ബൂമ്രയാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അടുത്ത ഊഴം മുഹമ്മദ് ഷമിയുടേതായിരുന്നു. ജോണി ബെയര്‍സ്റ്റോവും ബെൻ സ്റ്റോക്‌സും ഷമിയുടെ പന്തിൽ ബൗൾഡായി. നിലയുറച്ച് നിൽക്കാൻ ശ്രമിച്ച ജോസ് ബട്‌ലറിനെ മനോഹരമായ ഒരു പന്തിലൂടെ കുൽദീപ് യാദവ് ബൗൾഡാക്കുകയും ചെയ്തു.
മോയിൻ അലിയും ലിയാം ലിംവിംഗ്സ്റ്റണും പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ഷമി തന്നെ പ്രഹരമേൽപ്പിച്ചു . മോയിൻ അലി വിക്കറ്റിനു പിന്നിൽ രാഹുലിനു പിടി കൊടുത്ത് മടങ്ങി. ജഡേജയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ക്രിസ് വോക്‌സിനെ രാഹുൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. അതേ സ്‌കോറിൽ തന്നെ കുൽദീപ് യാദവിന്റെ പന്തിൽ ലിംവിംഗ്സ്റ്റണും പുറത്തായി. സ്‌കോർ 8 ന് 98 റൺസ്. ആദിൽ റഷീദിനെ മുഹമ്മദ് ഷമിയും മാർക്ക് വുഡിനെ ബൂമ്രയും ക്ലീൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് മുപ്പത്തഞ്ചാം ഓവറിൽ 129 റൺസിൽ അവസാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റുകളും ബൂമ്ര മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. രോഹിത് ശർമ്മയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനൽ ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു
Discussion about this post