തൃശൂർ : ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ എത്തി കളമശേരിയിൽ സ്ഫോടനം നടത്തിയത് ഞാനാണെന്ന് പറഞ്ഞപ്പോൾ പോലീസ് ആദ്യം വിശ്വസിച്ചില്ല. തമാശ ആയിരിക്കുമെന്ന് ആദ്യം കരുതി വീണ്ടും ചോദിച്ചു.സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്നും കീഴടങ്ങാൻ വേണ്ടിയാണ് വന്നതെന്നും ഡൊമനിക് തറപ്പിച്ചു പറഞ്ഞു. ഉടനെ തന്നെ ഡൊമനിക്കിനെ സ്റ്റേഷന് അകത്തേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയിൽ നിന്നും അധികദൂരമില്ലാത്ത കൊടകര സ്റ്റേഷനിലേയ്ക്ക് ഇരുചക്ര വാഹനത്തിലാണ് എത്തിയത്. മറ്റുള്ള പരാതിക്കാർ പോയതിന് ശേഷമാണ് ഡൊമനിക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഒരു വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് മുൻപാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് സ്ഫോടനം നടത്താനുള്ള കാരണമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഡൊമനിക് മാർട്ടിൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ഡൊമനിക്കിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിൽ ഉണ്ടായിരുന്നതായി വ്യക്തമായത്. കൊടകര സ്റ്റേഷനിൽ നിന്നും റൂറൽ എസ് പി സ്റ്റേഷനിലേയ്ക്ക് വിവരങ്ങൾ കൈമാറിയപ്പോഴേക്കും പോലീസ് സംവിധാനം മുഴുവനും ജാഗ്രതയിലായി.വിവരമറിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു.
കൊടകര സ്റ്റേഷനിൽ നിന്നും ആദ്യം രാമവർമപുരം പോലീസ് അക്കാദമിയിലെ ഗസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുപോയത്. ഡിഐജി അജീതാ ബീഗത്തിന്റെയും റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെയും നേതൃത്വത്തിലായിരുന്നു ഡൊമനിക്കിനെ ചോദ്യം ചെയ്തത്. പിന്നീട് എഡിജിപിയുടെ നിർദ്ദേശപ്രകാരം വൈകുന്നേരം കനത്ത സുരക്ഷയിൽ കളമശേരി പോലീസ് ക്യാമ്പിലേക്ക് ഡൊമനിക്കിനെ മാറ്റി.
Discussion about this post