ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26 നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്,
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ നടപടികൾ ആറോ എട്ടോ മാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. വിചാരണ മന്ദഗതിയിലാണെങ്കിൽ, പിന്നീടുള്ള ഘട്ടത്തിൽ സിസോദിയക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കൈക്കൂലി നൽകിയെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും നിയമപ്രകാരം എന്ത് പരിരക്ഷയുണ്ടെങ്കിലും നൽകേണ്ടതുണ്ടെന്നും കേന്ദ്ര ഏജൻസിയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
സിബിഐ അറസ്റ്റിനും തിഹാർ ജയിലിൽ വച്ചുള്ള ചോദ്യം ചെയ്യലിനും ശേഷം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സിസോദിയയെ കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാവിന് നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ കഴിവുള്ള ഉന്നതനായ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി മേയ് 30ന് സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
Discussion about this post