ന്യൂഡൽഹി: വിദേശനാണ്യ ലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. രാവിലെയാണ് വൈഭവ് ഇഡിക്ക് മുന്നിൽ ഹാജരായത്.
ഈ വർഷം ഓഗസ്റ്റിൽ, മുംബൈ ആസ്ഥാനമായുള്ള ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയ്പൂർ, ഉദയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
ഉടമകളായ ശിവ് ശങ്കര്‍ ശര്‍മ, രത്തന്‍ കാന്ത് ശര്‍മ എന്നിവരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. 1.2 കോടി രൂപയാണ് പരിശോധനയിൽ ഇഡി പിടിച്ചെടുത്തത്. രത്തന്‍ കാന്ത് ശര്‍മ വൈഭവിന്റെ ബിസ്നസ് പങ്കാളിയായിരുന്നു. ഇതിനെ തുടർന്നാണ് വൈഭവിനും ഇഡി സമൻസ് അയച്ചത്. ഡൽഹിയിലെയോ ജയ്പൂരിലെയോ ഓഫീസിൽ എത്താനായിരുന്നു നിർദേശം.
എന്നാൽ, ഈ നീക്കം തന്റെ പിതാവിനെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു വൈഭവിന്റെ പ്രതികരണം. ഇപ്പോഴത്തെ റെയ്ഡ് കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമായുള്ളതാണ്. അവർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും വൈഭവ് ആരോപിച്ചു. തെരുവ് നായകളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് ആയിരുന്നു സംഭവത്തിന് പിന്നാലെ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. കേന്ദ്ര ഏജൻസികൾക്ക് ഇപ്പോൾ വിശ്വാസ്യതയില്ലെന്നും ഇഡിയെ നായകളോട് ഉപമിച്ചതും വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
Discussion about this post