ന്യൂഡല്‍ഹി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന നിലവാരം കുറഞ്ഞ ഡീസല്‍ എഞ്ചിനുകളില്‍ ഓടുന്ന ബസുകള്‍ രാജ്യ തലസ്ഥാനത്ത് നിരോധിച്ചു. നവംബര്‍ ഒന്നു മുതലാണ് നിരോധനം. ശൈത്യ കാലം തുടങ്ങുന്നതിന്റെ ഭാഗമായി വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാരിന്റെ നടപടി. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്ത് വിട്ടത്.
സെന്റര്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പ്രകാരം നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകള്‍ മാത്രമേ ഡല്‍ഹിക്കും ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ദേശീയ തലസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന മേഖലകള്‍ക്കും ഇടയില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. ശൈത്യ കാലത്തെ അതി ശക്തമായ വായുമലിനീകരണം തടയുന്നതിന് വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത പതിനഞ്ച് ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. ഡല്‍ഹിയിലെ വ്യവസായങ്ങള്‍ ഒക്കെയും മലിനീകരണം ഉണ്ടാക്കുന്ന ഇന്ധനങ്ങളില്‍ നിന്ന പ്രകൃതിവാതകത്തിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വായു മലിനീകരണ തോത് കുറയ്ക്കുന്നതിന് വേണ്ടി ജനങ്ങളും പരമാവധി സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡീസലില്‍ പ്രവര്‍ത്തികുന്ന ബസുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം വര്‍ധിച്ചുവരികയാണ്. ഡല്‍ഹിയിലെ എല്ലാ ബസുകളും സിഎന്‍ജിയിലാണ് ഓടുന്നത്. 800ലധികം ഇലക്ട്രിക് ബസുകളാണ് ഡല്‍ഹിയില്‍ ഓടുന്നത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡീസല്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയില്‍ വായി മലിനീകരണ തോത് ഉയര്‍ത്താന്‍ പര്യപ്തമാണ്. നവംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങളിലെ ഡീസല്‍ എഞ്ചിനുകളില്‍ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ഭാരത് സ്റ്റേജ് അല്ലെങ്കില്‍ ബിഎസ് എമിഷന്‍ മാനദണ്ഡങ്ങള്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post