കൊല്‍ക്കത്ത : സിംഗൂര്‍ നാനോ പ്ലാന്റ് കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിന് നഷ്ടപരിഹാരമായി 766 കോടി രൂപ പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നല്‍കണമെന്ന് കോടതി ഉത്തരവ്. കേസില്‍ ടാറ്റ ഗ്രൂപ്പിന് അനുകൂലമായി കോടതി വിധി പറയുകയായിരുന്നു.
2008-ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ സമരത്തെ തുടര്‍ന്നാണ് നാനോ’ കാര്‍ നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ച സിംഗൂര്‍ പ്ലാന്റില്‍ നിന്ന് ടാറ്റ മോട്ടോഴ്സിന് പിന്‍വാങ്ങേണ്ടിവന്നത്. നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് ഏകദേശം 1000 ഏക്കര്‍ കൃഷിഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ടാറ്റാ പദ്ധതി ഉപേക്ഷിക്കുകയും ഗുജറാത്തിലെ സാനന്ദിലേക്ക് നിര്‍മ്മാണ യൂണിറ്റ് മാറ്റുകയുമായിരുന്നു.
എന്നാല്‍ കമ്പനി സിംഗൂറില്‍ പദ്ധതിക്കായി ഇതിനോടകം നല്ലൊരു തുക ചിലവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ടാറ്റാ ഗ്രൂപ്പ് കേസുമായി മുന്നോട്ട് പോയത്. ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡും (ടിഎംഎല്‍) ഡബ്ല്യുബിഐഡിസിയും തമ്മിലുള്ള ആര്‍ബിട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട്, മൂന്നംഗ ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ മധ്യസ്ഥതയിയിലാണ് ടാറ്റയ്ക്ക അനുകൂലമായ വിധിയ ഉണ്ടായിരിക്കുന്നത്. കമ്പനിക്ക് സംഭവിച്ച നഷ്ടത്തിന്റെ കണക്കുകള്‍ പ്രകാരം 766 കോടി രൂപയും അതിന്റെ പലിശയും പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദ്ദേശം. അന്തിമ ട്രൈബ്യൂണല്‍ വിധി വന്നതോടെ മധ്യസ്ഥ നടപടികള്‍ അവസാനിച്ചതായി കമ്പനി അറിയിച്ചു.
Discussion about this post